ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷിക്കുന്ന അധ്യാപകന്‍ കേരളത്തിലേക്ക് കടന്നതായി സൂചന. മംഗളുരുവിലെ പ്രശസ്തമായ സ്‌കൂളിലെ അധ്യാപകനായ മോഹന്‍ റായ്(43) എന്ന അധ്യാപകനുവേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പതിനാറു വര്‍ഷമായി പ്രസ്തുത സ്‌കൂളില്‍ അധ്യാപകനായിരുന്നു മോഹന്‍ റായ്. ഇത്രകാലമായിട്ടും അധ്യാപകനെക്കുറിച്ച് മോശമായി ഒരു റിപ്പോര്‍ട്ടുപോലും ഉണ്ടായിട്ടില്ല. എന്നാല്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി അടുത്തിടെയാണ് അധ്യാപകനെതിരെ പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കിയത്. തന്നെ അധ്യാപകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു കുട്ടിയുടെ പരാതി.
പരാതി പരിശോധിച്ച ശേഷം അധ്യാപിക പ്രാഥമിക അന്വേഷണം നടത്തി അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിനു തൊട്ടടുത്ത ദിവസം മുതല്‍ അധ്യാപകനെ കാണാതാകുകയായിരുന്നു. ഇയാള്‍ കേരളത്തിലേക്ക് കടന്നതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണസംഘം കേരളത്തിലേക്കുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥിനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളായിരുന്നു മോഹന്‍ റായ്. ക്ലാസിലെ സംശയത്തിനെന്ന വ്യാജേന അധ്യാപകനുമായി വിദ്യാര്‍ഥിനി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റേതെങ്കിലും വിദ്യാര്‍ഥിനികളും അധ്യാപകന്റെ പീഡനത്തിന് ഇരയായിട്ടുണ്ടൊയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.