മാഗി ന്യൂഡില്‍സ് മൈസൂരിലെ ലാബില്‍ പരിശോധിക്കും

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2015 (16:28 IST)
സുരക്ഷിതമാണെന്ന അറിയിപ്പോടു കൂടി രണ്ടാമത് വിപണിയില്‍ എത്തിയ മാഗി ന്യൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാകുന്നു. മൈസൂരിലെ ലാബില്‍ ആയിരിക്കും മാഗി വീണ്ടും പരിശോധിക്കുക.
 
മാഗി ന്യൂഡില്‍സില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് ഒരിക്കല്‍ മാഗി പിന്‍വലിച്ചിരുന്നു. പിന്നീട് പരിശോധനകളില്‍ സുരക്ഷിതമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മാഗി വീണ്ടും രംഗത്ത് എത്തിയിരുന്നു. 
 
നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്‌സ് റിഡ്രസല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് ന്യൂഡില്‍സ് പരിശോധിക്കാനുള്ള ചുമതല മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് സ്ഥാപനത്തിന് കൈവന്നത്.
 
ലഖ്‌നൗവിലുള്ള മാഗിയുടെ കമ്പനിയില്‍ നിന്നും ന്യൂഡില്‍സിന്റെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കാനാണ് ഫുഡ് കമ്മീഷണര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ന്യൂഡില്‍സ് പരിശോധിക്കാന്‍ എന്‍ സി ഡി ആര്‍ സി നേരത്തെ ചെന്നൈയിലെ ലാബിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
 
ഇതിനെതിരെ മാഗി ന്യൂഡില്‍സ് നിര്‍മാതാക്കളായ നെസ്‌ലെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ന്യൂഡില്‍സ് മൈസൂരിലെ ലാബില്‍ പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.