അഞ്ചുമാസം ഇന്ത്യന്‍ വിപണിയില്‍ നിന്ന് അകന്നു നിന്ന മാഗി ന്യൂഡില്‍സ് ഈ മാസം അവസാനത്തോടെ തിരികെയെത്തും. മാഗി സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലാബ് പരിശോധന ഫലങ്ങള്‍ ലഭിച്ചതായി നെസ്‌ലെ വ്യക്തമാക്കി.
ദേശീയ അക്രഡിറ്റേഷനുള്ള മൂന്നു ലാബുകളില്‍ പരിശോധിക്കണമെന്ന് ബോംബെ ഹൈക്കോടതി നെസ്‌ലെ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് മാഗി സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ തന്നെ മാഗി തിരികെ വിപണിയില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
വ്യത്യസ്ത രുചികളിലുള്ള 90 സാമ്പിളുകളാണ് പരിശോധിച്ചത്. 90 സാമ്പിളുകളും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചതായി പരിശോധനാഫലം ലഭിച്ചെന്ന് നെസ്‌ലെ വ്യക്തമാക്കി.
മാഗി നൂഡില്‍സില്‍ ഈയത്തിന്റെ അളവ് അനുവദനീയമാതിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് രാജ്യത്ത് നിരോധിച്ചത്.