യുവാവിനെ നഗ്നനാക്കി ചെരുപ്പ് മാലയണിയിച്ച് കഴുതപ്പുറത്തേറ്റി നടത്തിച്ചു

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2015 (16:09 IST)
ജാതി മാറി പ്രണയിച്ചതിന് യുവാവിനെ നഗ്നനാക്കി ചെരിപ്പുമാല തൂക്കി കഴുതപ്പുറത്തേറ്റി നടത്തിച്ച സംഭവത്തില്‍ മൂന്ന് സ്ത്രീകളടക്കം 17 പേര്‍ അറസ്റ്റില്‍. ശനിയാഴ്ച അഹമദ് നഗര്‍ ജില്ലയിലെ വാംബോറി ഗ്രാമത്തിലാണ് സംഭവം നടന്നത്.

കടുത്ത ജാതിവ്യവസ്ഥ നില നില്‍ക്കുന്ന ഗ്രാമത്തിലെ ബ്രാഹ്മണനായ പതിനെട്ടുകാരന്‍ ശിവം ദ്വാരകനാഥ് ബരാദിയാണ് അക്രമത്തിന് ഇരയായത്. മാലി ജാതിയിലുള്ള ഒരു പെണ്‍കുട്ടിയുമായി യുവാവ് പ്രണയിത്തിലായിരുന്നു. സംഭവമറിഞ്ഞ ഗ്രാമവാസികളും പെണ്‍കുട്ടിയുടെ വീട്ടുകാരും ചേര്‍ന്ന്  യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. അവശനായ യുവാവിനെ പൂര്‍ണ്ണ നഗ്നനാക്കിയശേഷം ചെരിപ്പുമാല അണിയിച്ച് കഴുതപ്പുറത്തേറ്റി ഗ്രാമത്തിലൂടെ നടത്തുകയായിരുന്നു.

യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും കഴുതപ്പുറത്ത് കയറ്റി നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നതിനും ആക്രമികളെ പിടികൂടുന്നതിനും കാരണമായത്. എട്ടുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. യുവാവിന്റെ ബന്ധുക്കള്‍ പ്രതികാരം ചെയ്‌തേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമത്തില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.