ലളിത് മോഡി വിവാദം: സുഷമയുടെ രാജിക്കായി സമ്മര്‍ദ്ദം

Webdunia
തിങ്കള്‍, 15 ജൂണ്‍ 2015 (16:56 IST)
ഐപിഎൽ അഴിമതിക്കേസിൽ പ്രതിയായ ലളിത് മോദിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നൽകിയ സഹായം സർക്കാരിന് തലവേദനയാകുന്നു. സുഷമ സ്വരാജിന്റെ രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷ ആവശ്യം ശക്തമാകുന്നു. സുഷമയുടെ വീടിനു പുറത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തിൽ പ്രസ്താവന നടത്തണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

പോർച്ചുഗലിലെ നിയമ പ്രകാരം ശസ്ത്രക്രിയയ്ക്ക് ഭർത്താവിന്റെ സമ്മതപത്രം ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് പി.എൽ. പുനിയ പറഞ്ഞു. മോഡിയുമായി കുടുംബപരമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സഹായമെന്നും അവർ ആരോപിച്ചു. എന്നാല്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സുഷമ സ്വരാജ് സഹായം ചെയ്തതെന്നും നേതാക്കളുടെ രാജി ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്റെ ദിനചര്യയായി മാറിയിരിക്കുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

ഡല്‍ഹി ഹൈക്കോടതി ലളിത് മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്ന സമയത്താണ് യാത്രാരേഖയ്ക്കായുള്ള മോഡിയുടെ അപേക്ഷയെ പിന്തുണച്ച് സുഷമ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് കത്ത് നല്കിയത്. എന്നാല്‍ ലളിത് മോഡിയുടെ ഭാര്യക്ക് കാന്‍സര്‍ ചികിത്സയ്ക്ക് പോകാന്‍ മാനുഷിക പരിഗണന കാട്ടിയതാണെന്നാണ് സുഷമ സ്വരാജിന്റെ വിശദീകരണം.  അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2010ൽ രാജ്യം വിട്ട ലളിത് മോഡി പിന്നീട് ഇന്ത്യയില്‍ തിരികെ എത്തിയിട്ടില്ല.