ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ കെജ്‌രിവാളിന്റെ മകള്‍ കൈക്കൂലി വാഗ്ദാനം ചെയ്തു

Webdunia
തിങ്കള്‍, 18 മെയ് 2015 (12:55 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകള്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനായി കൈക്കൂലി  വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് കെജ്‌രിവാളിന്റെ മകള്‍ ഹര്‍ഷിദ കൈക്കൂലി വാഗ്ദാനം ചെയ്തത്. ഇക്കാര്യം കെജ്‌രിവാള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് മുന്നോടിയായുള്ള ലേണേഴ്‌സില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ മകളാണെന്ന കാര്യം വെളിപ്പെടുത്താതെ ഹര്‍ഷിദ തന്റെ ഉഴത്തിനായി കാത്തിരുന്നു. തനിക്കുള്ള അവസരമെത്തിയപ്പോള്‍ ഹര്‍ഷിദ അധികൃതര്‍ക്ക് സമീപമെത്തുകയും ആവശ്യമായ രേഖകള്‍ കൊണ്ടുവന്നിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. രേഖകകളില്ലെങ്കില്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ തനിക്ക് തിരക്കുണ്ടെന്നും പണം നല്‍കാമെന്നും ഹര്‍ഷിദ പറഞ്ഞു. പണം നിരസിച്ച അധികൃതര്‍  ഈ സമയം ഹര്‍ഷിദ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടോ ശ്രദ്ധിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പിന്നീട് പുറത്തുപോയ ഹര്‍ഷിദ നിമിഷങ്ങള്‍ക്കകം മടങ്ങിയെത്തി തന്റെ കൈവശമുണ്ടായിരുന്ന രേഖ അധികൃതര്‍ക്ക് നല്‍കി. രേഖയില്‍നിന്നാണ് അധികൃതര്‍  മുഖ്യമന്ത്രിയുടെ മകളാണെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇത് സംസ്ഥാനത്തെ അഴിമതികള്‍ കുറഞ്ഞു എന്നതിന്റെ തെളിവാണിതെന്നും കെജ്‌രിവാള്‍ പറഞ്ഞു.