വിലാപയാത്ര മറീനയിലെത്തി; കണ്ണീരണിഞ്ഞ് തമിഴകം - കലൈഞ്ജറെ ഒരുനോക്ക് കാണാന്‍ പതിനായിരങ്ങള്‍

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (18:24 IST)
ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ചെന്നൈ മറീന ബീച്ചിലെത്തി. പൊതു ദര്‍ശനത്തിന് ശേഷം 3.50തോടെയാണ് രാജാജി ഹാളില്‍ നിന്നും കലൈഞ്ജറുടെ മൃതദേഹം എടുത്തത്.

പ്രവര്‍ത്തകരും നേതാക്കളുമായി ആയിരക്കണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്തായി തടിച്ചു കൂടിയത്.  വിലാപയാത്ര കടന്നു പോകുന്ന റോഡുകളില്‍ നൂറ് കണക്കിനാളുകളാണ് പ്രിയനേതാവിന് വിട ചൊല്ലാന്‍ കാത്തു നിന്നു.

നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ തിരക്ക് മൂലം വൈകുകയായിരുന്നു. മറീന ബീച്ചിൽ അണ്ണാദുരൈ സ്മാരകത്തിനു സമീപത്തായിട്ടാണ് കരുണാനിധിക്ക് അന്ത്യവിശ്രമം അനുവദിക്കുക.

അതിശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെങ്കിലും ജനങ്ങളുടെ വികാര പ്രകടനങ്ങളാണ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. വിലാപ യാത്ര കടന്നു പോയ റോഡുകളില്‍ ഡി എം കെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിയിരുന്നു. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article