സഹാറ നിക്ഷേപത്തട്ടിപ്പ് കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് ജെഎസ് കഹാര്‍ പിന്മാറി. ജസ്റ്റിസ് രാധാകൃഷ്ണന്‍ വിരമിക്കുന്നതോടെ രൂപവല്‍ക്കരിക്കുന്ന പുതിയ ബെഞ്ചില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്ന് ജസ്റ്റിസ് കഹാര്‍ ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍ യാത്രയയപ്പ് വേളയില്‍ വെളിപ്പെടുത്തിയിരുന്നു.
സഹാറ കമ്പനി നിക്ഷേപകരില്‍ നിന്നും അനധികൃതമായി പണം സ്വരൂപിച്ച കേസ് പരിഗണിച്ചിരുന്നത് ജസ്റ്റിസ്സ് കഹാറും കെഎസ് രാധാകൃഷ്ണനും ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. സഹാറ ഗ്രൂപ്പ് നിക്ഷേപകരില്‍ നിന്ന് ചട്ടവിരുദ്ധമായി സമാഹരിച്ച 17,400 കോടി തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
സുബ്രതോ റോയിയുടെ ജാമ്യത്തിന് 5000 കോടി രൂപ പണമായും 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് പണം മടക്കികൊടുക്കാത്തതിനാല്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലാണ്.