ജയലളിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Webdunia
വെള്ളി, 5 ജൂണ്‍ 2015 (17:37 IST)
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തോഴി ശശികലയ്‌ക്കൊപ്പം കോര്‍പ്പറേഷന്റെ മേഖലാ ഓഫീസിലെത്തിയാണ് ജയലളിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ഈ മാസം 27 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ജയലളിത മത്സരിക്കുക. ഇതിനായി ഇവിടെ എംഎല്‍എയും എഐഎഡിഎംകെ നേതാവുമായിരുന്ന പി വെട്രിവേല്‍ നേരത്തെ രാജിവെച്ചിരുന്നു. ചെന്നൈ നഗരപരിധിയിലുളള ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായാണ് ജയലളിത മത്സരിക്കുന്നത്.

മെയ് 23 നാണ് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാന പ്രതിപക്ഷമായ ഡിഎംകെ ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിസികെ, എംഡിഎംകെ, പിഎംകെ തുടങ്ങിയ കക്ഷികളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടിലാണ് ഇടത് പാര്‍ട്ടികള്‍.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടകയിലെ വിചാരണക്കോടതി ശിക്ഷിച്ചതോടെയാണ് ജയലളിതയ്ക്ക് മുഖ്യമന്ത്രിപദവും എംഎല്‍എ സ്ഥാനവും നഷ്ടമായത്. എന്നാല്‍ ഹൈക്കോടതി കുറ്റ വിമുക്തയാക്കിയതോടെ അധികാരത്തിലേക്ക് അവര്‍ തിരികെയെത്തുകയായിരുന്നു.