ഡല്‍ഹിയില്‍ ഐഎസ് ഭീകരര്‍ അറസ്‌റ്റില്‍; ലക്ഷ്യംവെച്ചത് കുംഭമേളയും മാളുകളും ട്രെയിനുകളും

വ്യാഴം, 21 ജനുവരി 2016 (13:44 IST)
ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ നാല് ഇസ്ലാമിക് സ്‌റ്റേ്റ്റ് (ഐഎസ്) ഭീകരര്‍ ഉത്തരാഖണ്ഡില്‍ അറസ്‌‌റ്റിലായി. പത്തൊമ്പതിനും ഇരുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ കുഭമേള നടക്കുന്ന സമയത്തും ഡല്‍ഹിയില്‍ ട്രെയിനുകളും കേന്ദ്രീകരിച്ച് ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അരവിന്ദ് ദീപ് വ്യക്തമാക്കി. ബുധനാഴ്ച്ച ഒരു മണിയോടെയാണ് ഇവര്‍ പിടിയിലാകുന്നത്.

അറസ്‌റ്റിലായവര്‍ സിറിയയിലേക്ക് ഫോണ്‍ വിളിച്ചതായി വ്യക്തമായിട്ടുണ്ട്. ഹരിദ്വാറിലെ കുംഭമേള, ഡല്‍ഹിയിലെ സാകേത്, വസന്ത് കുഞ്ജ്, നോയിഡ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ഫെബ്രുവരി എട്ടിന് ഹരിദ്വാറില്‍ ആക്രമണം നടത്തുന്നതിനായിരുന്നു ഇവരുടെ പ്രധാന പദ്ധതി. കൂടാതെ തിരക്കുള്ള നഗരങ്ങളും മാളുകളും ഇവര്‍ ലക്ഷ്യം വെച്ചിരുന്നതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ അഖ്‌ലാക്കുല്‍ റഹ്മാന്‍ എന്നയാളുടെ പേര് വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ വിദേശത്തേക്ക് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.

സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അവരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആയുധങ്ങളും ബോംബുകളും നിര്‍മ്മിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് ലഭിക്കുന്നതെന്നും പൊലീസ് പറയുന്നു.

പിടിയിലായവര്‍ വലിയ സംഘത്തിലെ ചിലര്‍ മാത്രമാണെന്നും തലസ്ഥാനം ഭീകരാക്രമണ ഭീഷണിയിലാണെന്നും പൊലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രി രാജനാഥ് സിംഗുമാള്ള കൂടിക്കാഴ്ച്ചയില്‍ റിപ്പബ്ളിക് ദിനത്തില്‍ ഐസിന്‍്റെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക