ലോകസമാധാനത്തിന് വെല്ലുവിളിയായി പടര്‍ന്നു പന്തലിച്ച ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവന്‍ അബൂബക്കർ അൽ ബാഗ്ദാദിയുടെ അടുപ്പക്കാരന്‍ ഇന്ത്യയിലെ റിക്രൂട്ടറും പ്രധാന നേതാവുമായ മുഹമ്മദ് ഷാഫി അർമർ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്‌ച സിറിയയിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കർണാടക സ്വദേശിയായ ഷാഫി (26) കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് യുവതി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐഎസിന്റെ യൂണിറ്റ് തുടങ്ങാനും ഷാഫിക്ക് പദ്ധതിയുണ്ടായിരുന്നു.
ഷാഫിയുടെ നേതൃത്വത്തിൽ 30 പേരെ ഐഎസിൽ എത്തിച്ചുവെന്നാണ് റിപ്പോർട്ട്. ഇയാളുടെ മരണത്തോടെ ഇന്ത്യയിലെ ഐഎസിന്റെ തല നഷ്‌ടമായെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ വർഷം വരെ ഷാഫിയുടെ മൂത്ത സഹോദരൻ സുൽത്താൻ അർമാർ ആയിരുന്നു ഇന്ത്യയിലെ ഐഎസിന്റെ നേതൃസ്ഥാനത്ത്. എന്നാൽ മാർച്ചിലുണ്ടായ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് ഷാഫി അർമർ ഇന്ത്യയിലെ ഐഎസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്.