കശ്മീരില്‍ അടുത്തിടെ കാണപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്ഐഎസ്) പതാകകള്‍ ആശങ്കാജനകമെന്ന് സൈന്യം. ഐഎസ്ഐഎസിന് യുവജനങ്ങളെ വീഴ്ത്താന്‍ കഴിയുന്നുണ്ട്. ഇത് ആശങ്കയുളവാക്കുന്നതാണെന്ന് ലഫ്. ജനറല്‍ സുബ്രത സഹ ചൂണ്ടിക്കാട്ടി. തന്റെ സംസ്ഥാനത്ത് ഐഎസ്ഐഎസ് സാന്നിധ്യം ഇല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞതിനു പിന്നാലെയാണ് സഹയുടെ പ്രസ്താവന. പാകിസ്ഥാനുമായുള്ള അതിര്‍ത്തി സംരക്ഷിക്കുകയും മേഖലയിലെ ഭീകരപ്രവര്‍ത്തനം പ്രതിരോധിക്കുകയും ചെയ്യുന്ന ചിനാര്‍ കോര്‍പ് (15 കോര്‍പ്)ന്റെ കമാന്‍ഡിംഗ് ഓഫിസറാണ് ലഫ്. ജന. സഹ.
പതാകകള്‍ കണ്ടെങ്കിലും കശ്മീര്‍ താഴ്വരയില്‍ ഐഎസ്ഐഎസ് സ്വാധീനമില്ലെന്നായിരുന്നു ഒമറിന്റെ വാദം. കഴിഞ്ഞയാഴ്ച ഈദ് പ്രാര്‍ഥനകള്‍ക്കു ശേഷം ഒരു പൊതുവേദിയിലാണ് കുറച്ചുപേര്‍ പതാക വീശിയത്.
ഐഎസ്ഐഎസിന് കശ്മീരിലെ യുവജനങ്ങള്‍ക്കുമേല്‍ സ്വാധീമുണ്ടോയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഭീകരസംഘടനയുടെ ഓണ്‍ലൈന്‍ റിക്രൂട്ടിങ്ങിനെ കുറിച്ച് ആശങ്കയുള്ളതായി ഇന്റലിജന്‍സും വ്യക്തമാക്കിയിട്ടുണ്ട്.