ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ രാജൗറി മേഖലയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. ആക്രമണത്തില്‍ താന്തര്‍ മേഖലയില്‍ ഒരു സൈനികന്‍ മരിച്ചു. കനത്ത ഏറ്റുമുട്ടലാണ് അതിർത്തിയിൽ നടക്കുന്നത്.
ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായി അതിര്‍ത്തിരക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമവും ഇന്ത്യന്‍ സേന പരാജയപ്പെടുത്തി. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച ആക്രമണം രാത്രി വൈകിയും തുടരുകയാണ്.പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മേഖലയിൽ 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രകോപനം തുടരുന്ന പാക് സൈന്യത്തിന് നേരെ ശക്തമായി തിരിച്ചടിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി ബി എസ് എഫിനോട് ആവശ്യപ്പെട്ടു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ജയ്‌ഷെ മൊഹമ്മദ് തീവ്രവാദികളെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു. ഇവരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.