'ആറുമാസം കൊണ്ട് താന്‍ അനുഭവിച്ചത് അറുപത് വര്‍ഷത്തെ പീഡനം': ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിനെതിരെ പരാതിയുമായി യുവഗായിക

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (12:49 IST)
തെലുങ്കിലെ യുവ ഗായികയായ മധുപ്രിയ ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിനെതിരെ പരാതി നല്‍കി. തന്നെ മാനസികമായും ശാരീരികമായും ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹുമയൂണ്‍നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മധുപ്രിയ വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടാണ് തന്റെ ഭര്‍ത്താവായ ശ്രീകാന്ത് പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പ്രിയയുടെ പരാതിയില്‍ പറയുന്നു. താന്‍ സമ്പാദിച്ച പണം കൊണ്ടാണ് അദ്ദേഹം ഇതുവരേയും ജീവിച്ചതെന്നും പ്രിയ പറഞ്ഞു. തന്നെ മര്‍ദ്ദിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തതായും പ്രിയ കൂട്ടിച്ചേര്‍ത്ത്. ആറുമാസം കൊണ്ട് താന്‍ അനുഭവിച്ചത് അറുപത് വര്‍ഷത്തെ പീഡനമാണെന്നും  മധുപ്രിയ പറയുന്നു.

കഴിഞ്ഞ സെപ്തംബറില്‍, തനിക്ക് പതിനെട്ട് വയസു തികഞ്ഞെന്നും അഥിലാബാദിലുള്ള ശ്രീകാന്തുമായി പ്രണയത്തിലാണെന്നും മധുപ്രിയ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധത്തെ പ്രിയയുടെ മാതാപിതാക്കള്‍ എതിര്‍ത്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മധുപ്രിയ കഴിഞ്ഞ ഒക്ടോബറില്‍ ശ്രീകാന്തിനെ വിവാഹം ചെയ്യുകയായിരുന്നു.  

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ മാതാപിതാക്കള്‍ക്കൊപ്പമാണ് മധുപ്രിയയുടെ താമസം. തുടര്‍ന്ന്  ശ്രീകാന്തും കൂട്ടുകാരും ചേര്‍ന്ന് മധുപ്രിയയുടെ വീട്ടില്‍ കയറി മാതാപിതാക്കളെ ആക്രമിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചിട്ട് തന്നെയാണ് അവര്‍ ആക്രമിച്ചതെന്ന് ശ്രീകാന്ത് ആരോപിച്ചു.