അര്‍ദ്ധരാത്രിയില്‍ വീണ്ടും സ്വാതന്ത്യം; 68 വര്‍ഷങ്ങള്‍ക്ക് ശേഷം

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (08:30 IST)
സ്വാതന്ത്യം നേടി അറുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്യം. ഇന്ത്യ - ബംഗ്ലാദേശ് ഭൂപ്രദേശ കൈമാറ്റക്കരാര്‍ ഇന്നലെ നിലവില്‍ വന്നു. ഇതനുസരിച്ച് കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മാതൃരാജ്യത്തില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങളും പൌരത്വവും നിഷേധിക്കപ്പെട്ട ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 52, 000ഓളം പേര്‍ക്ക് ഇനി പൌരത്വം ലഭിക്കും.
 
പുതിയ കൈമാറ്റക്കരാര്‍ അനുസരിച്ച് ഇന്ത്യയിലെ 51ബംഗ്ലാദേശ് തുരുത്തുകള്‍ ഇന്ത്യയുടെ ഭാഗമാകും. ഇത് ഏകദേശം, 7, 110 ഏക്കര്‍ ആയിരിക്കും. ഇവിടെ താമസിക്കുന്ന 14, 214 താമസക്കാര്‍ ഇന്ത്യന്‍ പൌരന്മാര്‍ ആകും.
 
ബംഗ്ലാദേശിലെ 111 ഇന്ത്യന്‍ തുരുത്തുകള്‍ ഏകദേശം 17, 160 ഏക്കര്‍ ബംഗ്ലാദേശിന് കൈമാറും. ഇതനുസരിച്ച് ഈ മേഖലയിലെ 36, 021 താമസക്കാര്‍ ബംഗ്ലാദേശ് പൌരന്മാരായി മാറും. അതേസമയം, ഇതില്‍ 979 പേര്‍ ഇന്ത്യയിലേക്ക് തിരികെയെത്തും.
 
ഇരുരാജ്യങ്ങളും തമ്മില്‍ 1974 മുതല്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിനാണ് ഇതോടെ ഭാഗിക പരിഹാരമായത്. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണി കഴിഞ്ഞ് ഒരുമിനിറ്റ് പിന്നിട്ടപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിക്കരാര്‍ പ്രാബല്യത്തില്‍ വന്നത്. നവംബറോടെ ആയിരിക്കും കൈമാറ്റം പൂര്‍ത്തിയാകുക.
 
കഴിഞ്ഞ 68 വര്‍ഷത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യന്‍ പൌരത്വം ലഭിച്ചപ്പോള്‍ ദേശീയഗാനം പാടിയും ത്രിവര്‍ണ പതാക പറത്തിയുമാണ് ജനങ്ങള്‍ ആഘോഷിച്ചത്. കഴിഞ്ഞമാസം ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുമായി ഭൂമികൈമാറ്റത്തിന് ധാരണയായത്.