ഹിമാലയത്തില്‍ നിന്ന് ‘സഞ്ജീവനി‘ കണ്ടുപിടിച്ചു!

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (15:05 IST)
രാമ രാവണ യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃത സഞ്ജീവനി അടങ്ങുന്ന മരുത്വാമല എടുത്തുകൊണ്ടു പോയി എന്നാണ് ഐതിഹ്യം. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും ഈ സഞ്ജീവനി എന്ന ഔഷധത്തെക്കുറിച്ച് കെട്ടുകഥകള്‍ മാത്രമാണ് പ്രചരിച്ചിരുന്നത്.

എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഹിമാലയത്തിലെ ഔഷധ സസ്യങ്ങളേക്കുറിച്ചുള്ള ഗവേഷണം നടത്തുന്നമൊരുവിഭാഗം ശാസ്ത്രജ്ഞരാണ് ഈ ഔഷധം കണ്ടെത്തിയിരിക്കുന്നത്. ഈ ഔഷധത്തിന് ജീവശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും അണുവികിരണങ്ങള്‍ മൂലമുണ്ടാകുന്ന ദോഷങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനും ശേഷിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

മലനിരകളില്‍ ഏറെക്കാലം ജീവിക്കെണ്ടി വരുന്നവരുടെ വിഷമതകള്‍ പരിഹരിക്കാന്‍ കഴിയുന്ന റേഡിയൊള എന്ന സസ്യത്തിനേയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലഡാക്കിലെ ലേയില്‍ ഗവേഷണം നടത്തുന്ന ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആള്‍ട്ടിട്ട്യൂഡ് റിസര്‍ച്ചാണ് സസ്യത്തിനെ തിരിച്ചറിഞ്ഞത്.

ഈ സസ്യം മധ്യപൂര്‍വേഷ്യയിലും നോര്‍ത്ത് അമേരിക്കയിലും ആല്‍ഫ്സ് പര്‍വ്വത നിരകളിലുമാണ് കാണപ്പെടുന്നത്. ഇതാദ്യമായാണ് സസ്യത്തിനെ ഹിമാലയത്തില്‍ കണ്ടെത്തുന്നത്. നാട്ടുകാ‍ര്‍ക്കിടയില്‍ സോളോ എന്നാണ് ഇതിന് വിളിപ്പേര്. ഇതിന്റെ ഇല ഭക്ഷണാവശ്യത്തിനായി ഉപയോഗൊച്ചിരുന്നു.

വേഗത്തില്‍ പ്രായമാകുന്നത് തടയാനും ശരീര കോശങ്ങളെ പുനര്‍ നിര്‍മ്മിക്കാനും, നാഡികളുടെ സംരക്ഷണത്തിനും, ഈ സസ്യം പ്രയോജനപ്പെടും. മലനിരകളിലെ കുറഞ്ഞ ഓക്സിജന്റെയും അന്തരീക്ഷ മര്‍ദ്ദത്തിന്റേയും സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇതുമൂലം സാധിക്കും.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ ഈ സസ്യം വ്യാപകമായി നട്ടുവളര്‍ത്തിയാല്‍ സൈനികരുടെ വിഷാദ രോഗത്തിനും വിശപ്പില്ലായ്മയ്ക്കും പരിഹാരമുണ്ടാക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സൈന്യത്തിനായി ആരോഗ്യ രക്ഷക്കുതകുന്ന ചില മരുന്നുകള്‍ സംഘം ഇതിനോടകം നിര്‍മ്മിച്ച് കഴിഞ്ഞതായാണ് സൂചന. സഞ്ജീവനി എന്ന് പേരിട്ട് ഇവര്‍ വിളിക്കുന്ന ഈ സസ്യത്തില്‍ കൂടുതല്‍ പരീക്ഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം.