രാജ്യത്തെ ഞെട്ടിച്ച ഗോധ്ര കലാപത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷപ്പെടുത്തിയത് ബാല്‍ താക്കറെയാണെന്ന് മകന്‍ ഉദ്ധവ് താക്കറെ. തന്റെ പിതാവിന്റെ അസാധാരണ പിന്തുണ മൂലമാണ് കലാപത്തിന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്. മോദിയുടെ ജാതകം ശിവസേനയുടെ കൈയിലുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി.
ഗോധ്ര കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് മോദിക്ക് നല്ലതു പോലെ അറിയാം. ഒന്നും മറക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. ജനിച്ച എല്ലാവര്‍ക്കും ഒരു ജാതകം ഉള്ളതു പോലെ അദ്ദേഹത്തിന്റെ ജാതകം തങ്ങളുടെ കൈയിലാണെന്നും ഉദ്ധവ് പറഞ്ഞു.
മറ്റു രാഷ്ട്രീയക്കാരെ പരിഹസിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി വായ തുറക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും തരം താഴാന്‍ പാടില്ലെന്നും ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പുയോഗത്തില്‍ സംസാരിക്കവേ ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.