ഇനി 'ഗഗന്‍' വഴിപറയും, വിമാന യാത്ര ചെലവ് കുറയും

Webdunia
വ്യാഴം, 16 ജൂലൈ 2015 (18:44 IST)
സ്വന്തമായ ഗതി നിര്‍ണയ സംവിധാനം ഗഗന്‍ പ്രാവര്‍ത്തികമായതോടെ രാജ്യത്ത് വിമാനയാത്രാ നിര്‍ക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വ്യോമഗതാഗതത്തിന് ഉപയോഗിക്കുന്നത് ഉപഗ്രഹങ്ങള്‍ വഴിയുളള ഗ്ലോബല്‍ പൊസിഷനിംഗ്  സംവിധാനമാണ്. എന്നാല്‍ ലോകമെമ്പാടുമുള്ള കാര്യങ്ങള്‍ ഇതില്‍ ബന്ധിക്കപ്പെടുന്നതിനാല്‍ തെറ്റുകള്‍ വരാനുളള സാധ്യതകളേറെയാണ്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഐഎസ്ആര്‍ഒയും സംയുക്തമായാണ് ഗഗന്‍ പ്രാവര്‍ത്തികമാക്കിയത്. ഇന്ത്യന്‍ റീജിയണ്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്ന സംവിധാനത്തിന്റെ വിളിപ്പേരാണ് ഗഗന്‍. ഇത് പ്രാവര്‍ത്തികമാംക്കുന്നതോടെ കൂടുതല്‍ കൃത്യതയോടെ വിമാനയാത്രാപാത കണക്കാക്കാനാകും. കൃത്യമായ വിവരങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭിക്കുന്നതിനാല്‍ വ്യോമപാത കുറയ്ക്കാനും വിമാനഇന്ധനം ലാഭിക്കാനും കഴിയും. ഇതു വഴി വിമാനയാത്രാനിരക്കിലും ഗണ്യമായ കുറവുണ്ടായേക്കും. 774 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. ഗഗന്‍ പദ്ധതി നിലവില്‍ വരുന്നതോടെ ഈ സംവിധാനമുളള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഗഗന്‍ പദ്ധതി നടപ്പാക്കാനായി ബംഗളുരുവില്‍ ഒരു പ്രധാന കേന്ദ്രവും തിരുവനന്തപുരത്തടക്കം രാജ്യത്ത് 15 ഉപകേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ജിപിഎസ്സില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് പുറമേ ഭ്രമണപഥത്തില്‍ ആറിടങ്ങളിലായി വിക്ഷേപിച്ചിട്ടുളള 24 ഉപഗ്രഹങ്ങള്‍ വഴിയും വിമാനങ്ങളുടെ ദിശയും നിലവില്‍ സഞ്ചരിക്കുന്ന പാതയും കണക്കാക്കും. ഈ വിവരങ്ങളെല്ലാം ഒരുമിച്ചു ചേര്‍ത്ത് ബംഗലുരുവിലെ പ്രധാനകേന്ദ്രത്തില്‍ നിന്ന് ഗഗന്‍ പദ്ധതിയ്ക്ക് വേണ്ടി വിക്ഷേപിച്ച പ്രത്യേക ഉപഗ്രഹത്തിലേയ്ക്ക് നല്‍കും. ഈ ഉപഗ്രഹം വിവരങ്ങള്‍ ക്രോഡീകരിച്ച് നേരിട്ട് വിമാനത്തിന് ലഭ്യമാക്കും.