ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഫോര്‍ഡ് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ അമേരിക്കയ്ക്ക് അതൃപ്തി. വിഷയത്തില്‍ അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം ഇന്ത്യയോട് വിശദീകരം ആവശ്യപ്പെട്ടിട്ടുണ്ട്. ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നുള്ള സഹായം ചില സന്നദ്ധസംഘടനകള്‍ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് ആഭ്യന്തരമന്ത്രാലയം ഫൗണ്ടേഷനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
അതേസമയം എന്നാല്‍ ഇന്ത്യയുടെ നടപടി സാമൂഹ്യസുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് വിഘാതമാകുമെന്നാണ് അമേരിക്ക പ്രതികരിച്ചത്. ഇന്ത്യയുടെ നീക്കം തുറന്ന സംവാദങ്ങള്‍ക്കുള്ള വേദിയെ പരിമിതപ്പെടുത്തുമെന്നും നടപടിയില്‍ ആശങ്കയുണ്ടെന്നും യുഎസ് ആഭ്യന്തര വക്താവ് മാരി ഹാര്‍ഫ് പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരെ നിയമപോരാട്ടം നടത്തുന്ന ടീറ്റ്‌സ സെതല്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘടന ഫൗണ്ടേഷനില്‍ നിന്നു സഹായം സ്വീകരിച്ചെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് സംഘടന നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടത്.