ഉത്തര്‍പ്രദേശില്‍ അടിയന്തരാവസ്ഥ

Webdunia
ബുധന്‍, 15 ഏപ്രില്‍ 2015 (15:11 IST)
ഉത്തര്‍പ്രദേശില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പേമാരിയും കൃഷിനാശവും രൂക്ഷമായതിനെത്തുടര്‍ന്നാണിത്. സംസ്ഥാനത്തേത് പ്രകൃതിദുരന്തമായി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ  ജില്ലാ മജിസ്‌ട്രേട്ടുമാരുടെയും മറ്റുദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കി. എല്ലാവരോടും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കാന്‍ ചൊവ്വാഴ്ച തന്നെ ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. 
 
ഉത്തര്‍പ്രദേശില്‍ പ്രകൃതിക്ഷോഭത്തില്‍  160 കര്‍ഷകര്‍ മരണമടഞ്ഞിരുന്നു. കാലംതെറ്റി പെയ്യുന്ന മഴയും ആലിപ്പഴവീഴ്ചയും സംസ്ഥാനത്തെ 55 ജില്ലകളിലാണ് കനത്ത നാശമാണുണ്ടാക്കിയത്. മരണമടഞ്ഞവരില്‍ 42 പേര്‍ മഴമൂലമുള്ള അപകടങ്ങളിലാണ് മരണമടഞ്ഞതെന്നാണ് സര്‍ക്കാര്‍ കണക്ക്. മറ്റുള്ളവര്‍ കൃഷിനാശത്തില്‍ മനംനൊന്ത് ജീവനൊടുക്കിയവരും ഹൃദയാഘാതത്താല്‍ മരിച്ചവരുമാണ്.30 ലക്ഷം ഹെക്ടര്‍ കൃഷിയും കെടുതിയില്‍ നശിച്ചു.
 
കഴിഞ്ഞ തിങ്കളാഴ്ച ദുരന്തബാധിതപ്രദേശങ്ങള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശിച്ചിരുന്നു. പ്രകൃതിദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം  പ്രഖ്യാപിച്ചു. അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചതോടെ നാശനഷ്ടങ്ങള്‍ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്