രാജ്യത്ത് അടിയന്തരാവസ്ഥ ആവര്‍ത്തിച്ചേക്കാമെന്ന മുതിർന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനിയുടെ മുന്നറിയിപ്പ് നിസാരമായി കണ്ട് അവഗണിക്കാനാവില്ലെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് അദ്വാനിയുടെ പരാമര്‍ശത്തേക്കുറിച്ച് ശിവസേന പറഞ്ഞിരിക്കുന്നത്.
രാജ്യത്ത് ഇനിയും അടിയയന്തരാവസ്ഥ സംഭവിക്കാനുളള സാധ്യതയേക്കുറിച്ച് മുതിർന്ന ബിജെപി നേതാവായ അദ്വാനിയേപ്പോലെ ഒരാൾ ചൂണ്ടിക്കാട്ടുമ്പോൾ അതുറപ്പായും ആരെയൊക്കെയോ ഉദ്ദേശിച്ചു തന്നെയാണെന്നും മൃഗീയ ഭൂരിപക്ഷമുള്ള ഒരു സർക്കാർ കേന്ദ്രം ഭരിക്കുന്ന പശ്ചാത്തലത്തെക്കുറിച്ചു കൂടി സൂചിപ്പിച്ചു കൊണ്ടാണ് അഡ്വാനിയുടെ പരാമർശമെന്നുമാണ് സാമ്നപറയുന്നത്.
അഡ്വാനിയേപ്പോലുള്ള ഒരാളുടെ നിരീക്ഷണം തള്ളിക്കളയാനാകില്ല. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചാണ് അദേഹം ചൂണ്ടിക്കാട്ടാനുദേശിക്കുന്നതെങ്കിലും തുറന്നു പറയുകയാണ് വേണ്ടത്. മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷിയും കീർത്തി ആസാദും പാർട്ടിയുടെ നിലവിലുള്ള പോക്കിൽ തങ്ങൾക്കുള്ള അസംതൃപ്തി അടുത്തിടെ തുറന്നു പറഞ്ഞ കാര്യവും സാമ്ന ചൂണ്ടിക്കാട്ടുന്നു.
അഡ്വാനിയുടെ പരാമർശം നേരത്തെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. പരാമര്‍ശം മോഡിക്കെതിരെയാണെന്ന് വ്യാഖ്യാനങ്ങള്‍ ഉണ്ടായതോടെ വിശദീകരണവുമായി അദ്വാനി രംഗത്തെത്തിയിരുന്നു. നേതാക്കള്‍ വാജ്പേയിയെ പോലെ വിനയാന്വിതരാകണമെന്നാണ് പറഞ്ഞതെന്നും അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പരമാർശം കോൺഗ്രസിനെ ഉദ്ദേശിച്ചാണ് നടത്തിയതെന്നുമായിരുന്നു അദേഹത്തിന്റെ വിശദീകരണം.