രാമന്‍ മതത്തിന്റെയല്ല സംസകാരത്തിന്റെ പ്രതീകമെന്ന് ബിജെപി

Webdunia
ശനി, 10 മെയ് 2014 (18:46 IST)
ശ്രീരാമന് ഒരു മതവുമോയോ ജാതിയുമോയോ ബന്ധമില്ലെന്നും മറിച്ച് സാംസ്‌ക്കാരിക പ്രതീകമാണെന്നും കാണിച്ച് ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. ഉത്തര്‍ പ്രദേശിലെ ഫെയ്സാബാദില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാര്‍ത്ഥി നരേന്ദ്ര മോഡിയുടെ റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചതിന് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

ഇതിനു മറുപടി നല്‍കുന്നതിനായി നല്‍കിയ വിശദീകരണക്കുറിപ്പിലാണ് രാമനെ സംസ്കാരത്തിന്റെ പ്രതീകമായി വിശദീകരിച്ചത്. ഭരണഘടനയില്‍ രാമനെയും സീതയെയും ലക്ഷ്മണനെയും കുറിച്ച് പരാമര്‍ശമുണ്ട്. മോഡിയുടെ റാലിയില്‍ ഉപയോഗിച്ച ചിത്രത്തില്‍ ക്ഷേത്രത്തിന്റെ ചിത്രമില്ല. ഇന്ത്യന്‍ സംസ്‌ക്കാരത്തെ കുറിച്ചുള്ള ചിത്രകാരന്റെ ഭാവനയാണ് അതില്‍ തുടങ്ങിയ കാര്യങ്ങളാണ് വിശദീകരണ കുറിപ്പില്‍ നല്‍കിയിരിക്കുന്നത്.

കൂടാതെ ഉര്‍ദു കവി അല്ലാമാ ഇക്ബാല്‍ ശ്രീരാമനെ പ്രകീര്‍ത്തിച്ച് എഴുതിയ ശ്ലോകവും വിശദീകരണത്തില്‍ ബിജെപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ രാംലീല അതീവ ഭക്തിയോടെ ആചരിക്കാറുണ്ടെന്നും വിശദീകരണത്തില്‍ ബിജെപി ചൂണ്ടിക്കാട്ടി.

ബിജെപിയുടെ വിശദീകരണം പരിശോധിച്ച് വരികയാണെന്ന് ഫെയ്സാബാദ് വരണാധികാരി അറിയിച്ചു. രാമന്റെ ചിത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസും ബി‌എസ്പിയും രംഗത്തു വന്നിരുന്നു.