വിജയ് മല്യയുടെ ആസ്തികൾ ലേലം ചെയ്യാനൊരുങ്ങി സർക്കാർ. സേനവനികുതിയിനത്തിൽ പിഴയും പലിശയും ചേര്‍ത്ത് 812 കോടി രൂപയാണ് മല്യ അടയ്ക്കാനുള്ളത്. ഈ തുക തിരിച്ചുപിടിക്കാനാണ് മല്യയുടെ സ്വകാര്യ എയർബസ് എസിജെ 319 വിമാനമുള്‍പ്പെടെയുള്ള ആസ്തികള്‍ ലേലം ചെയ്യാനായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുകൂടാതെ, അഞ്ച് ചെറിയ എടിആർ വിമാനങ്ങളും മൂന്നു ഹെലികോപ്റ്ററുകളും കൂടി ലേലം ചെയ്തു വിൽക്കും.
ബാങ്കുകൾക്ക് ആകെ 9,000 കോടി രൂപയാണ് 2012ൽ സേവനം നിർത്തിയ കിങ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്. ലേലനടപടികളുമായി മുന്നോട്ടുപോകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ലേലത്തുക സർക്കാർ കമ്പനിയായ എം എസ് ടി സിയാണ് തീരുമാനിക്കുന്നത്. മേയ് 15–16 തീയതികളിലായിരിക്കും ലേലം നടക്കുക.അതേസമയം, മല്യയുടെ സ്വകാര്യ വിമാനം പാട്ടത്തിനു നൽകിയിരിക്കുകയാണ്. വിമാനത്തിന് അവകാശവാദമുന്നയിച്ച് ഇതുവരേയും ആരും അധികാരികളെയോ കോടതിയെയോ സമീപിച്ചിട്ടില്ല.
സേവനനികുതി അടയ്ക്കാത്തതിനാൽ മല്യയെ അറസ്റ്റ് ചെയ്യണമെന്ന് നികുതി വിഭാഗം കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 50 ലക്ഷം രൂപ വ്യക്തിഗത ബോണ്ട് സമർപ്പിച്ച് മല്യ അതിൽനിന്ന് രക്ഷപ്പെട്ടുപോരുകയായിരുന്നു. തുടര്‍ന്ന് മല്യ രാജ്യം വിട്ടേക്കാമെന്നും വിചാരണ നേരിടാന്‍ ഇന്ത്യയിൽ എത്തിയേക്കില്ലെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും നികുതിവിഭാഗം വാദിച്ചിരുന്നു.
എന്നാൽ ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ച് 2015 ഫെബ്രുവരി 16ന് കോടതി മല്യയ്ക്ക് നികുതി വകുപ്പിന്റെ വാദങ്ങൾ തള്ളി ഉത്തരവിട്ടു. ബോംബെ ഹൈക്കോടതിയിൽ ഇതിനെതിരെ വകുപ്പ് അപ്പീൽ നൽകിയെങ്കിലും ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല. മാർച്ച് രണ്ടിന് പുതിയ ഹർജി നൽകിയെങ്കിലും കേസ് മാർച്ച് 28ന് വാദം കേൾക്കുന്നതിനായി മാറ്റിവച്ചിരിക്കുകയാണ്‍.