ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേയെന്ന് സുപ്രീംകോടതി. രാജ്യത്തിന് മൊത്തമായാണ് ദേശീയ ഭക്ഷ്യസുരക്ഷ നിയമം തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവ പാസാക്കുന്നത്. ഈ പദ്ധതികള്‍ ഗുജറാത്തില്‍ നടപ്പാക്കാതിരിക്കാൻ കാരണമെന്താണെന്ന ചോദ്യവും കോടതി ഉന്നയിച്ചു. വരള്‍ച്ച പ്രദേശങ്ങളില്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കാത്ത സംസ്ഥാന സർക്കാരുകൾക്കെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമർശം.
പാർലമെന്‍റ് പാസാക്കിയ നയങ്ങളെ അംഗീകരിക്കാതെ ഗുജറാത്ത് ഇന്ത്യയില്‍ നിന്നുള്ള മോചനമാണോ ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ഈ വിഷയത്തിൽ എന്താണ് പാര്‍ലമെന്‍റ് ചെയ്തത്. ഇത്തരത്തിലാണെങ്കില്‍ ഐ പി സി, സി ആർ പി സി തെളിവ് നിയമം അടക്കം രാജ്യത്തെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമങ്ങളും ഗുജറാത്ത് നടപ്പിലാക്കില്ലല്ലോ എന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്‍റെ ബെഞ്ച് ആരാഞ്ഞു.
വളർച്ച ബാധിത പ്രദേശങ്ങളിൽ നടപ്പാക്കിയ തൊഴില്‍ ഉറപ്പ്, ഭക്ഷ്യസുരക്ഷ, ഉച്ചഭക്ഷണ പദ്ധതികള്‍ എന്നിവയുടെ അവസ്ഥ വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊണ്ട് ഫെബ്രുവരി 10നകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
പാര്‍ലമെന്‍റ് പാസാക്കിയ പദ്ധതികൾ നടപ്പിലാക്കുവാന്‍ ശ്രമിക്കാത്ത ചത്തീസ്ഗഡ്, ഹരിയാന,ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര,തെലുങ്കാന,ആന്ധ്രപ്രദേശ്, മധ്യപ്രദേശ്,ഗുജറാത്ത്,ഉത്തര്‍ പ്രദേശ്,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെതിരെയാണ് യോഗേന്ദ്ര യാദവിന്‍റെ നേതൃത്വത്തിലുള്ള സ്വരാജ് അഭിയാന്‍ എന്ന സംഘടന സുപ്രീംകോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.