നരേന്ദ്രമോദിയുടെ സ്വത്തു വിവരങ്ങള്‍ ഓഫീസ് പുറത്തുവിട്ടു; ആകെ സമ്പാദ്യം 1.41 കോടി രൂപ

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2016 (17:25 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തു വിവരങ്ങള്‍ ഓഫീസ് പുറത്തുവിട്ടു. മോദിയുടെ ആകെയുള്ള സമ്പാദ്യം1.41 കോടി രൂപയാണ്. കൈയ്യിലുള്ളത് വെറും 4700 രൂപ. കഴിഞ്ഞ സമ്പത്തിക വര്‍ഷാവസാനം വരെയുള്ള കണക്കാണ് പുറത്തു വിട്ടത് . പ്രധാനമന്ത്രിയായതിനു ശേഷം 2014 ഓഗസ്റ്റില്‍ ഇത് 38700 രൂപയായിരുന്നു.

മോദിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ മൊത്തം മൂല്യം14114893 രൂപയാണ്. 2014ല്‍ ഇത് 1.26 കോടി രൂപയായിരുന്നു. 15 ലക്ഷം രൂപയുടെ വര്‍ധനയാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ വാഹനങ്ങളൊന്നുമില്ല. ബാങ്ക് അക്കൗണ്ട്‌ ഗുജറാത്തില്‍ മാത്രമാണുള്ളത്. ബാങ്ക് വായ്പകളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ഓഫീസ് പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

ഏകദേശം അഞ്ചര പവനോളം തൂക്കം വരുന്ന നാല് സ്വര്‍ണ മോതിരങ്ങള്‍ മാത്രമെ മോദിയുടെ പക്കല്‍ ആഭരണങ്ങളായി ഉള്ളു. ഏകദേശം1.19 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം. 1.99 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്‌സില്‍ 5.45 ലക്ഷത്തിന്റെ നിക്ഷേപവും എല്‍ ആന്റ് ടി ഇന്‍ഫ്രാ ബോണ്ട്‌സില്‍ 20,000 രൂപയുടെ നിക്ഷേപമവുമടക്കം 41.15 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളാണ് മോദിക്കുള്ളത്. ഗാന്ധിനഗറിലെ വീട് നില്‍ക്കുന്ന സ്ഥലത്തിന്റെ നാലിലൊരു ഭാഗം മോദിയുടേതാണ്. 3531.45 ചതുരശ്ര അടി വരുന്ന ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ വില ഏകദേശം ഒരു കോടിയോളം വരും. ഈ സ്ഥലം പരമ്പരാഗതമായി ലഭിച്ചതല്ലെന്നും 2002 ഒക്ടോബര്‍ 25-ന് വാങ്ങിയതാണെന്നും രേഖയില്‍ പറയുന്നു.

രാജ്‌കോട്ട് നാഗരിക് സഹകാരി കോ.ഓപ് ബാങ്കില്‍ 30,347 രൂപയും എസ്ബിഐയില്‍ 94093 രൂപയും നിക്ഷേപമായുണ്ട്. കൂടാതെ എസ്ബിഐയില്‍ തന്നെ 30.72 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഉണ്ട്.വില്‍പനയ്ക്ക് വെച്ച ഭൂമിയോ കൃഷി ഭൂമിയോ ഒന്നും തന്നെ മോദിയുടെ പേരിലില്ല. ഭാര്യയായ യശോദാ ബെന്നിന്റെ സ്വത്ത് വിവരങ്ങള്‍ അറിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.