രാഹുലിന്റെ മുടിയുടെ നിറമെന്ത്? ഡല്‍ഹി പൊലീസിന് സംശയം

Webdunia
ശനി, 14 മാര്‍ച്ച് 2015 (11:30 IST)
പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് വിട്ടുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വസതിയിലും ഓഫിസിലുമെത്തി ഡല്‍ഹി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. രാഹുല്‍ ഗാന്ധിയുടെ കണ്ണിന്‍റെയും മുടിയുടെയും നിറം തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.  സുരക്ഷാനടപടിയുടെ ഭാഗമെന്നാണ് വിവരശേഖരത്തിന് പൊലീസ് നല്‍കിയ വിശദീകരണം. നടപടിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. രാഹുല്‍ എം.പിയാണെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ചിത്രമോ മറ്റു വിവരങ്ങളോ ഇന്റര്‍നെറ്റില്‍ നിന്നോ അതല്ലെങ്കില്‍ പാര്‍ലമെന്റില്‍ നിന്നോ പൊലീസിന് കണ്ടെത്താവുന്നതാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.  ഇത്തരമൊരു അന്വേഷണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.   കോണ്ഗ്രസ് വിഷയം ഡല്‍ഹി പൊലീസ് കമ്മിഷണറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് സൂചന.
 
ലോക്‌സഭയുടെ ബഡ‌്‌ജറ്റ് സമ്മേളനം ആരംഭിച്ചതിന് പിന്നാലെ ഫെബ്രുവരി 23നാണ് രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത്.രാഹുലിന്റെ ഈ നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി എവിടെയാണെന്ന് സംബന്ധിച്ച് വിവരങ്ങളോന്നും കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. രാഹുല്‍ ഗാന്ധി തായ്‌ലന്‍ഡിലേക്കാണ് പോയതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങി വരുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഈ മാസം അവസാനത്തേക്ക് രാഹുല്‍ അവധി നീട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.