സിപിഐ ദേശീയ കൗണ്‍സിലില്‍ വാക്പോര്

Webdunia
ഞായര്‍, 22 ജൂണ്‍ 2014 (16:33 IST)
സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവായ എ.ബി.ബര്‍ദാനെതിരെ സിപിഐ സംസ്ഥാന നേതാക്കളുടെ രൂക്ഷ വിമര്‍ശനം. പാര്‍യിലെ കീഴ്വഴക്കങ്ങള്‍ ബര്‍ദാന്‍ മറക്കുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.

ബര്‍ദാന് നേരെ ഗുരുതരമായ ആരോപണങ്ങളുമായി ഇന്നലെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തെ ചൊല്ലി ബര്‍ദാനും കേരള ഘടകത്തിന്റെ നേതാവായ സിഎന്‍ ചന്ദ്രനും തമ്മില്‍  കൗണ്‍സിലില്‍ വാക്ക്‌പോരുവരെയുണ്ടായി.

സിപിഐ ദേശീയ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കണമെന്നും ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കേരള നേതാക്കള്‍ ആവശ്യപ്പെട്ടു.ഇതിനിടെ തമിഴ്‌നാട്, ബംഗാള്‍ ഘടകത്തിലെ  നേതാക്കളും ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുമായി സഖ്യം വേണ്ടെന്ന് വെച്ചത് പാര്‍ടിയുടെ തെറ്റായ തീരുമാനമായിപ്പോയി. എഐഡിഎംകെ വാഗ്ദാനം ചെയ്ത ഒരു സീറ്റില്‍ മത്സരിച്ചിരുന്നെങ്കില്‍ ആ സീറ്റെങ്കിലും സിപിഐക്ക് ലഭിക്കുമായിരുന്നെന്നും. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം കരുതലോടെയുള്ള തീരുമാനം എടുത്തില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

ബംഗാളില്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് പാര്‍ടിയെന്നും ബംഗാളിന്റെ കാര്യത്തില്‍ പുതിയ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് സമാപിക്കും.