ന്യൂഡല്‍ഹി: ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച 2018 ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. വിധി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച 9 അംഗ ജഡ്ജിമാരുടെ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ യുവതികളുടെ പ്രവേശനം തടയുന്നത് മറ്റൊരു തരത്തിലുള്ള തൊട്ടുകൂടായ്മയാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിന്യായത്തില്‍ സൂചിപ്പിച്ചിരുന്നു.
സോളിസിറ്റര്‍ ജനറല്‍ ഇതിനെ എതിര്‍ത്തു. അയ്യപ്പ ഭഗവാന്റെ ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ക്ഷേത്ര ഐതിഹ്യമാണ് ഇത്തരത്തിലുളള നിയന്ത്രണത്തിനുള്ള കാരണം. സ്ത്രീകളെ അശുദ്ധരായി മുദ്രകുത്തുകയോ അവരെ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നില്ല. യുവതികളെ പ്രവേശിപ്പിക്കുന്നത് ശബരിമലയിലെ ആരാധനാക്രമങ്ങളെയും ആചാരങ്ങളെയും ബാധിക്കും. മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 എല്ലാ വ്യക്തികള്‍ക്കും ആരാധനയ്ക്ക് തുല്യ അവകാശമുണ്ടെന്ന് പറയുന്നു.