മോഡി സര്‍ക്കാരിന്റെ കന്നി റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി

Webdunia
ചൊവ്വ, 8 ജൂലൈ 2014 (12:08 IST)
മോഡി സര്‍ക്കാറിന്റെ കന്നി റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി. കേന്ദ്ര റെയില്‍‌വേ മന്ത്രി സദാനന്ദ ഗൌഡയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 12 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ചോദ്യോത്തര വേള നീണ്ടുപോയതിനാല്‍ അല്‍പ്പം താമസിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. മൂന്നൂറു കിലോമീറ്റര്‍ വേഗമുള്ള  ബുള്ളറ്റ് ട്രെയിന്‍, അവയ്ക്കു സഞ്ചരിക്കാന്‍ പറ്റിയ പാളങ്ങള്‍,  അതിവേഗ ട്രെയിനുകള്‍, അനുബന്ധ വികസനം, അടിസ്ഥാനസൌകര്യ പദ്ധതികള്‍ തുടങ്ങിയവയ്ക്കാവും മു‌ന്‍‌ഗണന‍. 
 
വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യവല്‍ക്കരണം വ്യാപകമാക്കാനുമുള്ള നയപ്രഖ്യാപനം പ്രതീക്ഷിക്കാം. നേരത്തെതന്നെ യാത്രകൂലിയും ചരക്കുകൂലിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇനി വര്‍ധനവുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. മണാലി -ലേ റെയില്‍‌വേ അനുമതി കിട്ടുമെന്ന് ഹിമാചലിന് പ്രതീക്ഷയുണ്ട്. 
 
ബജറ്റില്‍ ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന പദ്ധതികളുണ്ടാകുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിലേക്ക് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആധുനികവത്കരണത്തിന് മുന്‍ഗണന നല്‍കും. 
 
സാധാരണക്കാരനെ ഉടന്‍ സന്തോഷിപ്പിക്കുന്നതിനുള്ള പദ്ധതികളുണ്ടാവില്ല. യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. ബുള്ളറ്റ് ട്രെയിനുകളും ഹൈസ്പീഡ് പദ്ധതികളും പ്രഖ്യാപിക്കുമെന്നും ഗൗഡ പറഞ്ഞു. 
 
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വലുതാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി പാത ഇരട്ടിപ്പിക്കല്‍ എന്നീ മുടങ്ങി കിടക്കുന്ന പദ്ധതികളില്‍ തീരുമാനമുണ്ടാകുമെന്നും കേരളം പ്രതീക്ഷിക്കുന്നു. എന്നാല്‍ മംഗലാപുരത്ത് പുതിയ റെയില്‍വേ ഡിവിഷന്‍ വരികയാണെങ്കില്‍ അത് പാലക്കാട് ഡിവിഷന് ക്ഷീണമാകാനാണ് സാധ്യത.