കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ കൂടുതല്‍ ലോകരാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നു. കൂടുതല്‍ വിദേശ ബാങ്കുകള്‍ ത്യങ്ങളുടെ ബാങ്കുകളില്‍ അക്കൌണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ തുടങ്ങിയതായാണ് വിവരങ്ങള്‍. നേരത്തെ സ്വിസ് ബാങ്കുകള്‍ ഇന്ത്യയുമായി വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ ബ്രിട്ടീഷ് ബാങ്കുകളാണ് രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന.
ബ്രിട്ടീഷ് വെർജിൻ ഐസ്ലാൻഡ്‌സ്, സൈപ്രസ്, ജഴ്‌സി തുടങ്ങിയ ബാങ്കുകളാണ് തങ്ങളുടെ ബാങ്കിലുള്ള കള്ളപ്പണക്കാരെ ഇന്ത്യയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തത്. ഈ ബാങ്കുകള്‍ നല്‍കിയ വിവരങ്ങള്‍ക്ക് മേല്‍ കേന്ദ്ര ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും നടപടി തുടങ്ങിയതായാണ് വിവരം. അതേസമയം ഇവരില്‍ നിന്ന് ലഭിച്ച കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ വലയിലാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.
വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്താൻ ആളുകളെ നിർബന്ധിക്കുന്ന കോംപ്ലിയൻസ് സ്‌കീം സർക്കാൻ നടപ്പിലാക്കാൻ ഒരുങ്ങുന്നുണ്ട്. ഇത് പ്രകാരം കള്ളപ്പണം പൂഴ്‌ത്തിയവർക്ക് ആറുമാസത്തിനകം അത് വെളിപ്പെടുത്താനുള്ള അവസരം ലഭിക്കും. അതിനു ശേഷം വെളിപ്പെടുത്താത്തവരുടെ മുഴുവന്‍ സമ്പാദ്യമോ അതിനു തുല്യമായ രാജ്യത്തെ സ്വത്തുക്കളോ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടുകയും ചെയ്യും. എന്നാല്‍ ഈ കാലയളവിനുള്ളില്‍ വെളിപ്പെടുന്നവര്‍ക്ക് പിഴ അടച്ച് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാം. അല്ലാത്തവര്‍ക്ക് സമ്പാദ്യം നഷ്ടപ്പെടുന്നതിനു പുറമെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നേക്കും.