ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി തടിയന്‍റവിട നസീറിന്റെ കൂട്ടാളികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സാക്ഷികൾക്കും അഭിഭാഷകർക്കും പൊലീസ് സംരക്ഷണം ഏര്‍പ്പാടാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ എൻഐഎ പ്രത്യേക കോടതിയിൽ അപേക്ഷ നൽകുകയും ചെയ്‌തു.
തടിയന്റെവിട നസീറിന്റെ കൂട്ടാളികളും പ്രതികളും സാക്ഷിളെ നിരന്തരമായി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭിഷണി മുഴക്കുകയും ആണ്. അഭിഭാഷകര്‍ക്കും ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ അഭിഭാഷകര്‍ക്കും പൊലീസിനും സംരക്ഷണം ഏര്‍പ്പാടാക്കണമെന്നും പ്രത്യേക വിചാരണ കോടതിയിൽ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കര്‍ണാടക സര്‍ക്കാര്‍ വിചാരണ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നസീറിന്‍റെ അഭിഭാഷകരെ കോടതി താക്കീതു ചെയ്തു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ നസീറിന്റെ കൂട്ടാളി ഷഹനാസിനെ ചോദ്യം ചെയ്‌തതില്‍ നിന്ന് നസീറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോഴും നസീര്‍ ഇപ്പോഴും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു.