സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്ന് തുറന്നുസമ്മതിച്ച് എജി; ജഡ്ജിമാർ തമ്മിൽ വാക്കേറ്റമുണ്ടായെന്ന് റിപ്പോർട്ട്

Webdunia
ചൊവ്വ, 16 ജനുവരി 2018 (10:56 IST)
സുപ്രീംകോടതിയില്‍ രൂപംകൊണ്ട പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. പ്രശ്‌നപരിഹാരം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടാണ് തന്റെ നിരീക്ഷണമെന്നും കെ.കെ.വേണുഗോപാല്‍ പറഞ്ഞു. അതിനിടെ ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി എന്നുമുള്ള റിപ്പോര്‍ട്ടുകളും ഉയര്‍ന്നു വന്നിരുന്നു.
 
അതേസമയം, സുപ്രീം കോടതിയിലെ എല്ലാ പ്രശ്നങ്ങളും‌ പരിഹരിച്ചെന്ന് തിങ്കളാഴ്ച എജി അവകാശപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജഡ്ജിമാരും കൂടിക്കാഴ്ച നടത്തിയെന്നും കോടതിയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനു പിന്നാലെയാണ് എജിയുടെ ഈ പ്രസ്താവന.
 
സുപ്രിംകോടതിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് മുതിർന്ന ജഡ്ജിമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഇവർ ഉന്നയിച്ചത്.
 
തങ്ങള്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് ഒരു കത്ത് നല്‍കിയിരുന്നു എന്നും ആ കത്തില്‍ ആവശ്യപ്പെട്ട കാര്യത്തേക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സുപ്രീംകോടതി ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ജഡ്ജിമാര്‍ ആരോപിച്ചു.  
 
കോടതിയിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയായിരുന്നു ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article