എന്നും വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന സമീപനമാണ് ഇന്ത്യന്‍ സേന സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാണ് ഈ നിലപാടിനെ ഇളക്കുന്ന വിവാദങ്ങള്‍ പലപ്പോഴും സേനയിലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മതപരമായ വിവാദം സേനയില്‍ ഉയര്‍ന്നിരിക്കുന്നു.
ഉത്തര്‍പ്രദേശിലേ 3 രജപുത്താന റൈഫിള്‍സിലേ സുബേദാര്‍ ഇസ്രത്ത് അലിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുമതത്തിലെ പ്രാര്‍ഥനാ വാക്കുകളായ ' ജയ്‌മാതാ ദി', 'റാം റാം' എന്നിവ നിര്‍ബന്ധപൂര്‍വം ഉച്ചരിപ്പിക്കുന്നുവെന്നും അതിനു പകരം 'ജയ് ഹിന്ദ് ' എന്ന ഉപചാരം ഉപയോഗിക്കുന്നത് മേലധികാരികള്‍ വിലക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.
രാഷ്ട്രപതിക്കും ദേശീയ ന്യൂനപക്ഷ കമ്മീഷനും നല്‍കിയ പരാതിയുടെ പകര്‍പ്പ് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനും നല്‍കിയിട്ടുണ്ട്. ഇയാള്‍ റെജിമെന്റിലെ മുസ്ലീം പുരോഹിതന്‍ കൂടിയാണ്. ഒരു മുസ്ലിം പുരോഹിതന്‍ എന്ന നിലയില്‍ ഹിന്ദു ദൈവ നാമങ്ങള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് സുബേദാറിന്റെ പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇസ്രത് അലിയുടെ വാദം തള്ളിക്കൊണ്ട് സൈന്യം തന്നെ രംഗത്ത് വന്നു. ' ജയ്‌മാതാ ദി', 'റാം റാം' എന്നി ഉപചാരങ്ങള്‍ വര്‍ഷങ്ങളായി റെജിമെന്റിന്റെ ഭാഗമായിരുന്നു എന്നും വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഉപചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നും മുന്‍ സേന തലവന്‍ ബിക്രം സിംഗിന്റെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി സേനാ വക്താവ് പറയുന്നു.
2012 ല്‍ ജനറല്‍ ബിക്രം സിംഗ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം സൈനികര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ജയ് ഹിന്ദ് ' എന്ന ഉപചാരം ഉപയോഗിക്കാം. എന്നാല്‍, റെജിമെന്റിലെ ഉപചാരങ്ങള്‍ മാറ്റാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അലിയെ മതാധ്യാപകനായി നിയമിച്ചിരിക്കുന്നത് യൂണിറ്റിന് പ്രചോദനം നല്‍കാനാണ്. എന്നാല്‍, യൂണിറ്റിന്റെ ഉപചാരങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് പറയുന്നത് ഇടുങ്ങിയ ചിന്താഗതിയുടെ പ്രദര്‍ശനമാണെന്നും സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു.