സൈനിക നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കും
ചൊവ്വ, 24 മാര്‍ച്ച് 2015 (12:03 IST)
ഭീകരര്‍ക്കെതിരെയും യുദ്ധ സമയത്തും നടത്തുന്ന സൈനിക നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മൂക്ക്കയര്‍ ഇടാന്‍ ഒരുങ്ങുന്നു. ആഭ്യ്ന്തര വകുപ്പിന്റെയും പ്രതിരോധ വകുപ്പിന്റെയും നിര്‍ബന്ധം മൂലമാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം(ഐ ആന്‍ഡ് ബി) പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നത്. സൈനിക നിക്കങ്ങളുടെ തത്സമയം റിപ്പോര്‍ട്ടിങ്ങുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തുക.
പുതിയ നിയമനുസരിച്ച് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ തല്‍സമയ റിപ്പോര്‍ട്ടിങ് നടത്തുന്നതിന് മാധ്യമങ്ങള്‍ക്കു സാധിക്കില്ല. സൈനിക നീക്കത്തിനു ശേഷം ഓഫിസമാര്‍ ഔദ്യോഗികമായി നല്‍കുന്ന വിശദീകരണങ്ങള്‍ മാത്രമേ ഇനി നല്‍കാനാകൂ. ഇതിനാവശ്യമായ നിബന്ധന കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് വാര്‍ത്താവിതരണ സെക്രട്ടറി ബിമല്‍ ജുല്‍ക്ക പറഞ്ഞു.
സൈനിക നീക്കങ്ങളുടെ തല്‍സമയ സംപ്രേഷണങ്ങള്‍ തടയേണ്ടതാണെന്നാണ് ആഭ്യന്തരമന്ത്രാലയം നേരത്തെതന്നെ നിര്‍ബന്ധം പിടിച്ചിരുന്നു. മുംബൈ ഭീകരാക്രമണ സമയത്ത് മാധ്യമങ്ങളുടെ തല്‍സമയ സംപ്രേഷണം ഭീകരരെ സഹായിച്ചുവെന്ന് മന്ത്രി അരുണ്‍ ജയ്റ്റ്ലി നേരത്തെ പറഞ്ഞിരുന്നു. സുരക്ഷാ സേന എന്താണ് ചെയ്യുന്നതെന്നുള്ള വിവരം മനസിലാക്കുന്ന തരത്തിലായിരുന്നു അന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചാനലുകളില്‍ വന്നത്.