ലാം ജ്വലിച്ചു തുടങ്ങി; മംഗള്‍‌യാന്‍ ചരിത്രനേട്ടത്തിലേക്ക്

Webdunia
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (07:56 IST)
ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യം 'മംഗള്‍യാന്‍ ' നിര്‍ണ്ണായക ഘട്ടത്തില്‍. ലാം എഞ്ചിന്‍ ജ്വലനം തുടങ്ങി. 7:41 വരെ ലാം എഞ്ചിന്‍ ജ്വലിപ്പിക്കും. പേടകം 180 ഡിഗ്രി തിരിഞ്ഞു. സൂര്യന്‍ മറഞ്ഞ് മംഗള്‍യാന്‍ ചൊവ്വയുടെ പിന്നിലേക്ക് മാറി. മംഗള്‍യാന്റെ ഇപ്പോഴത്തെ വേഗം സെക്കന്‍ഡില്‍ 22.53 കിലോമീറ്റര്‍ ആണ്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പേടകത്തെ പിടിച്ചിടാന്‍ വേഗം 1.11 കിലോമീറ്റര്‍ പെര്‍ സെക്കന്‍ഡ് ആയി വെട്ടിക്കുറയ്‌ക്കേണ്ടതുണ്ട്. ഇതിനാണ് ലാം ജ്വലിപ്പിക്കുന്നത്. ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഐഎസ്ആര്‍ഒ ആസ്ഥാനത്തുണ്ട്.  
 
അഭിമാനദൗത്യമായ മംഗള്‍യാന്‍ ചൊവ്വാ ഗ്രഹത്തെ വലംവെച്ചുതുടങ്ങവെ ഇന്ത്യയ്ക്കത് ചരിത്രനേട്ടമാകും. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമാണ് മംഗള്‍യാന്‍ എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ഈ ബഹിരാകാശപേടകം പുതിയ പഥത്തില്‍ കയറുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അതിന്റെ സൂചന രാവിലെ എട്ടുമണി കഴിഞ്ഞാവും കിട്ടുക. 
 
ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാംശക്തിയാകും ഈ പഥപ്രവേശത്തോടെ ഇന്ത്യ. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനുമുമ്പ് ചൊവ്വാദൗത്യം നേടിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ ജയിക്കുന്ന ഒരേയൊരു രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമാകും; ഒപ്പം ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍രാജ്യമെന്ന മികവും. 
 
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റിലൂടെ മംഗള്‍യാന്‍ വിക്ഷേപിച്ചത്. അതുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്. 297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചിരിക്കുകയാണ് പേടകം. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.