നാണക്കേട് മറയ്ക്കാന്‍ യുപി മന്ത്രിസഭ അഖിലേഷ് ‘അഴിച്ചുപണിതു‘

ബുധന്‍, 18 ജൂണ്‍ 2014 (14:00 IST)
സ്ത്രീകള്‍ക്കും പെണ്‍കുട്ടീകള്‍ക്കുമെതിരായ പീഡന്ത്തിന്റെയും അതിക്രമത്തിന്റെയും പേരില്‍ പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. ഭരണം മെച്ചപ്പെടുത്തി സംസ്ഥാനത്തിന്റെ പ്രതിഛായ മാറ്റുകയാണ് അഖിലേഷിന്റെ ലക്ഷ്യം.

മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയതോടെ കാബിനറ്റ് റാങ്കിലുള്ള ഒന്‍പത് മന്ത്രിമാരടക്കം 15 പേരെ ചെറിയ വകുപ്പുകളിലേക്ക് മാറ്റുകയും ഒരു മന്ത്രിയെ പുറത്താക്കുകയും ചെയ്തു. വിനോദ നികുതി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പവന്‍ പാണ്ഡെയ്ക്കാണ് പണിപോയത്.

മന്ത്രിമാരില്‍ നിന്നും സുപ്രധാന വകുപ്പുകള്‍ ഏറ്റെടുത്തതോടെ മുഖ്യമന്ത്രി കൈവശം വയ്ക്കുന്ന വകുപ്പുകളുടെ എണ്ണം 49 ആയി. ഒന്‍പത് കാബിനറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുടെയും അഞ്ച് സഹമന്ത്രിമാരുടെയും വകുപ്പുകളിലാണ് മാറ്റമുണ്ടായത്.

ജയില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുതിര്‍ന്ന കാബിനറ്റ് മന്ത്രി രാജേന്ദ്ര ചൗധരിയെ പൊളിറ്റിക്കല്‍ പെന്‍ഷന്‍ വകുപ്പിലേക്കും ബല്‍റാം യാദവിനെ പഞ്ചായത്തീ രാജിലേക്കും മാറ്റി. പാര്‍ട്ടിയിലെ ബ്രഹ്മണ സമുദായ അംഗവും റായ് ബറേലിയില്‍ നിന്നുള്ള പ്രമുഖ നേതാവുമായ മനോജ് കുമാര്‍ പാണ്ഡെയില്‍ നിന്ന് കൃഷി വകുപ്പ് ഏറ്റെടുത്ത് ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കി.

ഞായറാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് വകുപ്പുമാറ്റം.

വെബ്ദുനിയ വായിക്കുക