വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണം പൂക്കുന്നു!

Webdunia
ശനി, 12 ജൂലൈ 2014 (12:23 IST)
രാജ്യത്തേ വിമാനത്താവളങ്ങള്‍ സ്വര്‍ണ്ണക്കടത്തുകള്‍ക്ക് പ്രശ്സ്തമായിത്തിരുന്നു. കഴിഞ്ഞ മാസം വരെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന് 882.22 കോടി വിലമതിക്കും! സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാകുന്നത് കള്ളക്കടത്തുകാര്‍ മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുണ്ട്. ഞെട്ടണ്ട, കേന്ദ്ര  കേന്ദ്ര ധനകാര്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം.
 
എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ആന്റോ ആന്റണി എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.  3170.558 കിലോ സ്വര്‍ണമാണ്‌ ഇത്തരത്തില്‍ കള്ളക്കടത്തുകാരില്‍ നിന്ന് പിടിച്ചെടുത്തത്‌. 
 
കള്ളക്കടത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളം വഴിയാണെന്നും കണക്കുകള്‍ നിരത്തി മന്ത്രി അറിയിച്ചു. കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന്‌ യാഥാക്രമം 35.633, 23.993, 9.780 കിലോ വീതമാണ്‌ ജൂണ്‍ വരെ പിടിച്ചെടുത്തത്‌. 
 
4848 കേസുകളാണ് ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലുള്‍പ്പെട്ട 22 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേയും 49 സര്‍ക്കാരിതര ജീവനക്കാര്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്‌. കള്ളക്കടത്തിനെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ കസ്‌റ്റംസ്‌ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.