നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലിന് മര്‍ദ്ദനമേറ്റു. സിനിമാ നിര്‍മ്മാതാക്കളുടെ യോഗത്തില്‍ വെച്ചുണ്ടായ തര്‍ക്കം കൈയ്യാങ്കളിയാകുകയും തുടര്‍ന്ന് താരത്തിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു.
യോഗത്തിലുണ്ടായിരുന്ന ചില നിര്‍മ്മാതാക്കളാണ് വിശാലിനെ മര്‍ദ്ദിച്ചത്. സംഘടനയ്ക്ക് ഏഴു കോടി രൂപ ഫണ്ടുണ്ടായിരുന്നുവെന്നും ഇപ്പോള്‍ രണ്ടു കോടി രൂപ മാത്രമാണ് മിച്ചമുള്ളതെന്നും അതിനാല്‍ വിശാല്‍ കണക്കുകള്‍ വ്യക്തമാക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.
വിശാല്‍ ഫണ്ട് ദുരുപയോഗം ചെയ്‌തതായി ചില നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയതോടെ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍മ്മാതാവ് കൂടിയായ വിശാല്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് യോഗത്തില്‍ സംഘര്‍ഷമുണ്ടായത്.
യോഗത്തില്‍ വിശാലിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ എട്ടു മാസമായി കണക്കുകള്‍ വ്യക്തമാക്കാതെ വിശാല്‍ ഒഴിഞ്ഞു മാറുകയാണ്. സംഘടനയുടെ ബൈലോയില്‍ ഏതെങ്കിലും സ്ഥാനം വഹിക്കുന്നയാള്‍ രാഷ്ര്ടീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്.
എന്നിട്ടും അദ്ദേഹം ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമം നടത്തിയെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
തന്നെ നിര്‍മ്മാതാക്കള്‍ മര്‍ദ്ദിച്ചുവെന്ന് വിശാല്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം, ഉയര്‍ന്ന ആരോപണം അദ്ദേഹം തള്ളിക്കളയുകയും ചെയ്‌തു.