കോവിഡ് 19: തമിഴ്നാട്ടിൽ രണ്ട് മലയാളികൾ ഐസോലേഷനിൽ, സാംപിളുകൾ പരിശോധനക്കയച്ചു

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2020 (19:25 IST)
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മലയാളികളെ കോവിഡ് 19 രോഗലക്ഷണങ്ങളോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മധുരയിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശിയെയും മലേഷ്യയിൽനിന്നും കൊയമ്പത്തൂരിലെത്തിയ തൃശൂർ സ്വദേശിയെയുമാണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും ശ്രവ സാംപിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.  
 
ഇറ്റലി, സ്വിറ്റ്‌സർലൻഡ് സന്ദശനങ്ങൾക്ക് ശേഷം ദില്ലിയിൽനിന്നും ദിവസങ്ങൾക്ക് മുൻപാണ് പുനലൂർ സ്വദേശി തിരികെ എത്തിയത്. ചെന്നൈ രാജാജി നഗർ സർക്കാർ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നത്. മലേഷ്യയിൽനിന്നും കൊയമ്പത്തൂരിലെത്തിയ തൃശൂർ സ്വദേശി രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഐസോലേഷനിൽ പ്രവേശിപ്പിച്ചത്.  
 
അതേ സമയം കേരളത്തിൽ ഇന്ന് 6 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്നും പത്തനംതിട്ടയിലെത്തി രോഗം സ്ഥിരീകരിച്ച യുവാവിന്റെ മാതാപിതാക്കൾക്കും ഇവരുമായി അടുത്തിടപഴകിയവർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം സംസ്ഥാനത്ത് 12 ആയി.  

അനുബന്ധ വാര്‍ത്തകള്‍

Next Article