‘ചാര്‍ലി ഹെബ്‌ദോ’യുടെ കവര്‍ അടിച്ച പത്രം വിറ്റ പത്രവില്പനക്കാരനെതിരെ കേസ്

Webdunia
വ്യാഴം, 5 ഫെബ്രുവരി 2015 (16:51 IST)
ഫ്രാന്‍സിലെ ആക്ഷേപഹാസ്യമാസികയായ ചാര്‍ലി ഹെബ്‌ദോയുടെ കവര്‍ അടിച്ച ഉറുദുപത്രം വിറ്റ പത്രവില്പനക്കാരനെതിരെ കേസ്. മുംബൈയിലെ ജെ ജെ മാര്‍ഗ് പൊലീസ് ആണ് കേസെടുത്തത്. ഉറുദു പത്രമായ 'അവഥ്‌നാമ'യുടെ ജനവരി 17ലക്കത്തില്‍ ചാര്‍ലി ഹെബ്‌ദോയില്‍ പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രിന്റ് ചെയ്തിരുന്നു. ഈ പത്രം വിറ്റഴിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തി എന്നാരോപിച്ചാണ് വില്പനക്കാരനെ അറസ്റ്റ് ചെയ്തത്.
 
നേരത്തെ, ‘അവഥ്‌നാമ’യുടെ എഡിറ്റര്‍ ഷിറിന്‍ ധാല്‍വിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാര്‍ലി ഹെബ്ദോയില്‍ വന്ന വിവാദ കാര്‍ട്ടൂണ്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനായിരുന്നു അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡ് 295A പ്രകാരമാണ് അറസ്റ്റ് എന്നാണ് പൊലീസ് ഇതിനെ ന്യായീകരിച്ചത്.
 
പ്രവാചകനെ കളിയാക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പാരിസിലെ ചാര്‍ലി ഹെബ്‌ദോയുടെ ഓഫിസിനു നേരെ നടന്ന ആക്രമത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.