ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊച്ചി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഐ എന്‍ എസ് കൊച്ചി നേവി ചീഫ് അഡ്മിറല്‍ നിര്‍മല്‍ വര്‍മയുടെ പത്നി മധുലിക വര്‍മയാണ് കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുക.
15 - എ കൊല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയര്‍ പ്രൊജക്ടിന്‍റെ രണ്ടാമത്തെ യുദ്ധക്കപ്പലാണ് ദക്ഷിണ മേഖലാ നാവിക ആസ്ഥാനമായ കൊച്ചിയുടെ പേരിലുള്ള ഐ എന്‍ എസ് കൊച്ചി. 6800 ടണ്‍ ഭാരമുള്ള കപ്പല്‍ രൂപകല്പന ചെയ്തിരിക്കുന്നത് ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ ആണ്. മുംബൈയിലെ മസാഗോണ്‍ ഡോക്സിലാണ് കപ്പലിന്‍റെ നിര്‍മ്മണം നടത്തിയത്.
ഐ എന്‍ എസ് ഡല്‍ഹി, ഐ എന്‍ എസ് മൈസൂര്‍, ഐ എന്‍ എസ് മുംബൈ എന്നിവയുടെ മാതൃകയില്‍ തന്നെയാണ് ഐ എന്‍ എസ് കൊച്ചിയുടേയും രൂപകല്‍പ്പന. 8459 കോടി രൂപയാണ് പുതിയ യുദ്ധക്കപ്പലിന്‍റെ നിര്‍മ്മാണച്ചെലവ്.
മിസൈലാക്രമണം പ്രതിരോധിക്കുന്നതോടൊപ്പം കരയിലേക്ക് ആക്രമണം നടത്താനും കപ്പലിന് ശേഷിയുണ്ട്. റഡാറിന്‍റെ ശ്രദ്ധയില്‍പ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയോടെയാണ് കപ്പല്‍ നിമ്മിച്ചിരിക്കുന്നതെന്നും ഏറെ ശ്രദ്ധേയമാണ്. 2005 ഒക്ടോബറിലാണ് ഐ എന്‍ എസ് കൊച്ചി നിര്‍മ്മാണം തുടങ്ങിയത്.