ഹെലികോപ്റ്റര്‍ ഇടപാട്: ആന്റണി എതിര്‍ത്തിരുന്നു

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2013 (19:51 IST)
PRO
PRO
വിവാദമായ വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് ആന്റണി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. വ്യോമസേനയുടെ ചില നിലപാടുകളെക്കുറിച്ച് പ്രതിരോധമന്ത്രി എകെ ആന്റണി സംശയം പ്രകടിപ്പിച്ചിരുന്നതായാണ് സൂചന. ഇടപാടില്‍ വന്‍ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സേനയുടെ ചില മുന്‍ നിലപാടുകള്‍ സംശയത്തിലാകുന്നത്.

ടെന്‍ഡര്‍ യോഗ്യത നേടിയ ഇറ്റാലിയന്‍ കമ്പനിയുടെ അഗസ്ത വെസ്റ്റ് ലാന്‍ഡ് എ ഡബ്ലു 101, അമേരിക്കന്‍ കമ്പനിയുടെ സികോര്‍സ്‌കി എസ്-92 എന്നീ ഹെലികോപ്റ്ററുകള്‍ നിര്‍മാണകേന്ദ്രങ്ങളില്‍ പോയി പറത്തല്‍ പരിശോധന നടത്താനുള്ള നീക്കത്തിലാണ് പ്രതിരോധമന്ത്രി ആദ്യം സംശയം ഉന്നയിച്ചത്. ഇന്ത്യയുടേതില്‍നിന്ന് വ്യത്യസ്തമായ കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നടത്തുന്ന പരിശോധന കാര്യക്ഷമമാകുമോ എന്നായിരുന്നു മന്ത്രി വ്യോമസേനാ ആസ്ഥാനത്തോട് ആരാഞ്ഞത്. പ്രതിരോധ സംഭരണ ബോര്‍ഡും ഇതേ സംശയം ഉന്നയിച്ചു.

പരീക്ഷണ പറക്കലിനായി ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തിക്കുന്നത് ഇടപാട് ഒമ്പത് മാസത്തോളം വൈകാനിടയാക്കുമെന്നും വിവിഐപികളുടെ ഉപയോഗത്തിനായി അടിയന്തരമായി ഇവ ആവശ്യമാണെന്നുമായിരുന്നു വ്യോമസേനയുടെ മറുപടി. തുടര്‍ന്ന് വിദേശത്തുതന്നെ പരീക്ഷണപ്പറക്കല്‍ നടത്താന്‍ മന്ത്രിയും പ്രതിരോധ സംഭരണ ബോര്‍ഡും അനുമതി നല്‍കി. 2008 ജനവരി-ഫിബ്രവരി മാസങ്ങളിലായി പരിശോധന നടന്നു. അഗസ്ത വെസ്റ്റ് ലാന്‍ഡിന്റെ പരിശോധന ബ്രിട്ടനിലും സികോര്‍സ്‌കിയുടേത് യുഎസ്സിലുമായിരുന്നു.

എട്ട് അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ആദ്യതീരുമാനം മാറ്റി 12 എണ്ണമാക്കിയതും വ്യോമസേനയുടെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു. വില അന്തിമമായി തീരുമാനിച്ചശേഷം ചില അനുബന്ധ സാമഗ്രികള്‍കൂടി അവരില്‍നിന്ന് വാങ്ങണമെന്ന് വ്യോമസേന നിര്‍ദേശിച്ചു. 100 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇത് ഖജനാവിന് ഉണ്ടാക്കിയത്.

അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഇടപാട് തത്കാലം മരവിപ്പിച്ചിരിക്കുകയാണ്. ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ആന്റണി ഉത്തരവിട്ടിരുന്നു.