ഹാക്ക് വ്യോമസേനയ്ക്ക് കൈമാറി

വ്യാഴം, 14 ഓഗസ്റ്റ് 2008 (17:57 IST)
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഹാക്ക് എം കെ 132( എ ജെ ടി) വ്യോമ സേനയ്ക്ക് കൈമാറി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിലാണ് പോര്‍വിമാനം നിര്‍മ്മിച്ചത്.

ബ്രിട്ടീഷ് പ്രതിരോധ കമ്പനിയായ ബി എ ഇ സിസ്റ്റംസ് ആണ് വിമാനം രൂപകല്പന ചെയ്തത്. റോള്‍സ് റോയ്സ് അദര്‍ എം കെ 871 ഒറ്റ എഞ്ചിന്‍ വിമാനമാണ് ഹാക്കിനുളളത്.

എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമി മേജറിന് ഔപചാരികമായി വിമാനം കൈമാറുകയായിരുന്നു. ഇതിന് ശേഷം 10 മിനിട്ട് എച്ച് എ എല്ലിലെ പൈലറ്റ് സ്ക്വാഡ്രന്‍ ലീഡര്‍(റിട്ട) വിമാനം പറത്തുകയും ചെയ്തു.

ഹാക്കിന്‍റെ ഇന്ത്യന്‍ പതിപ്പ് ബി എ ഇയുമായുള്ള ഇന്ത്യാ സര്‍ക്കാരിന്‍റെ 80 ബില്യന്‍ ഡോളര്‍ പദ്ധതിയുടെ ഭാഗമാണ്. കരാര്‍ പ്രകാ‍രം 66 എ ജെ ടികളാണ് ഇന്ത്യയ്ക്ക് നല്‍കേണ്ടത്. ഇതില്‍ 24 എണ്ണം ബ്രിട്ടനില്‍ നിര്‍മ്മിക്കും. ബാക്കിയുള്ളവ ഇന്ത്യയില്‍ ലൈസന്‍സ് പ്രകാരം നിര്‍മ്മിക്കുകയും ചെയ്യും.

ബി എ ഇ ഇതുവരെ 24 വിമാനങ്ങളില്‍ 14 എണ്ണം ഇന്ത്യയ്ക്ക് നല്‍കിക്കഴിഞ്ഞു. ആറെണ്ണം ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും.

വെബ്ദുനിയ വായിക്കുക