സൗദി അറേബ്യയില്‍നിന്ന് കൂട്ടപ്പലായനത്തിന് സാധ്യതയില്ലെന്ന് വയലാര്‍ രവി

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (17:49 IST)
PRO
PRO
ഗള്‍ഫില്‍നിന്ന് കൂട്ടപ്പാലായനത്തിന് സാധ്യതയില്ലെന്നും തിരിച്ച് വരാന്‍ തിരക്കുകൂട്ടുന്ന സാഹചര്യം സൗദിയില്‍ ഇല്ലെന്നും കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി. സൗദി അറേബ്യയിലെ സ്വദേശിവത്കരണം മൂലം ഇന്ത്യാക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. സൗദിയിലെ സാഹചര്യം ഇന്ത്യ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സൗദി തൊഴില്‍ മന്ത്രാലയവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാക്കാരെ പുറത്താക്കുമെന്ന അറിയിപ്പ് ഇന്ത്യന്‍ സര്‍ക്കാരിനോ എംബസിക്കോ ലഭിച്ചിട്ടില്ലെന്നും വയലാര്‍ രവി അറിയിച്ചു.

പുതിയ നിയമം മൂലം എത്ര ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന കൃത്യമായ കണക്ക് സര്‍ക്കാരിനില്ല. വിദേശികള്‍ മാത്രം പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാകുക. പത്ത് പേര്‍ക്ക് ഒരാളെന്ന നിലയിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നം തീരും. സൗദിയിലെ തൊഴിലില്ലാത്തവര്‍ക്കൊക്കെ തൊഴില്‍ നല്‍കാനാണ് അവര്‍ നിയമം കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും സൗദിയുടെ തീരുമാനം മാറ്റാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.