സ്വാതി കൊലക്കേസ് പ്രതി രാംകുമാറിനെ പൊലീസ് കൊലപ്പെടുത്തിയതാണോ? ആരോപണവുമായി സംവിധായകന്‍ !

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (21:10 IST)
സ്വാതി കൊലക്കേസിലെ പ്രതി രാംകുമാര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് ആരോപിച്ച് സിനിമാ സംവിധായകനും നാം തമിഴര്‍ പാര്‍ട്ടി നേതാവുമായ സീമാന്‍ രംഗത്ത്. രാംകുമാറിനെ പൊലീസ് കൊലപ്പെടുത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് സീമാന്‍റെ ആരോപണം. ഇത് മറ്റൊരു രീതിയിലുള്ള എന്‍‌കൌണ്ടറാണെന്നും സീമാന്‍ ആരോപിക്കുന്നു.
 
രാംകുമാര്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്‍റെ വാദം അംഗീകരിക്കാനാവില്ലെന്ന് സീമാന്‍ പറയുന്നു. പൊലീസ് ഭാഷ്യം വിശ്വസിക്കാനാവില്ല. പൊലീസുകാര്‍ സാധാരണയായി ചെയ്യാറുള്ള എന്‍‌കൌണ്ടര്‍ പോലെ ഇത് വൈദ്യുതി ഉപയോഗിച്ചുള്ള ഒരു എന്‍‌കൌണ്ടാറായിരിക്കാമെന്നാണ് സീമാന്‍റെ ആരോപണം.
 
ഏറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന മരണമായതിനാല്‍ രാംകുമാറിന്‍റെ പോസ്റ്റുമോര്‍ട്ടം വൈകുകയാണ്. ചെന്നൈ റോയപ്പേട്ട ആശുപത്രിയിലാണ് ഇപ്പോള്‍ രാംകുമാറിന്‍റെ മൃതദേഹമുള്ളത്. മൃതദേഹം കാണാനെത്തിയ സീമാനെയും സംഘത്തെയും പൊലീസ് തടഞ്ഞു. 
 
പോസ്റ്റ്മോര്‍ട്ടം നടക്കുന്ന സമയത്ത് തങ്ങളുടെ ഭാഗത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്‌ധന്റെ സാന്നിധ്യം ആവശ്യപ്പെട്ട് രാംകുമാറിന്റെ അച്‌ഛന്‍ ആര്‍ പരമശിവം അപ്പീല്‍ നല്കിയിരുന്നു. അപ്പീലില്‍ വാദം കേട്ട ജഡ്‌ജിമാര്‍ ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയതോടെ പോസ്റ്റ്‌മോര്‍ട്ടം അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.
 
രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഇതിനെ അപ്പാടെ തള്ളിക്കളയുകയാണ് രാംകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. രാംകുമാറിനെ ജയിലില്‍ പൊലീസ് കൊലപ്പെടുത്തിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാകണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടന്നേ പറ്റൂ. എങ്കില്‍, തങ്ങളുടെ ഭാഗത്തു നിന്നുള്ള ഫോറന്‍സിക് വിദഗ്‌ധന്റെ സാന്നിധ്യം പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന സമയത്ത് വേണമെന്നാണ് രാംകുമാറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. 
 
രാംകുമാറിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
Next Article