സ്ത്രീകള്‍ ഡല്‍ഹിയെ പേടിക്കുന്നു!

Webdunia
തിങ്കള്‍, 18 ജനുവരി 2010 (14:25 IST)
രാജ്യതലസ്ഥാനത്ത് 96 ശതമാനം സ്ത്രീകള്‍ക്കും സുരക്ഷിതത്വ ബോധമില്ല. ഡല്‍ഹിയിലെവിടെയും, പ്രത്യേകിച്ച്, ചാന്ദ്‌നി ചൌക്ക്, കൊണാട്ട് പ്ലേസ്, കരോള്‍ ബാഗ് തുടങ്ങിയ വ്യാപാരസ്ഥലങ്ങളില്‍ പോകുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും പീഡനത്തിനിരയാവാമെന്നാണ് തലസ്ഥാനത്തെ വനിതകള്‍ കരുതുന്നത്.

‘സെന്റര്‍ ഫോര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍‌ക്ലൂഷന്‍’, ‘സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്’ എന്നീ സംഘടനകള്‍ നടത്തിയ ഒരു സര്‍‌വേയിലാണ് ഇക്കാര്യം വെളിവായത്. 12-55 പ്രായപരിധിയിലുള്ള 630 സ്ത്രീകളിലാണ് സര്‍‌വേ നടത്തിയത്.

ലൈംഗിക പീഡനം ഡല്‍ഹിയില്‍ സാധാരണമാണെന്നും അതിന് സാമ്പത്തിക നിലയുമായി ബന്ധമൊന്നുമില്ല എന്നും സെന്റര്‍ ഫോര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍‌ക്ലൂഷന്‍ ഡയറക്ടര്‍ ലോറ പ്രഭു അഭിപ്രായപ്പെട്ടു. 96 ശതമാനം സ്ത്രീകള്‍ക്കും സുരക്ഷിതത്വബോധമില്ല എന്നും പീഡനത്തിന് ഇരയാവുന്ന 44 ശതമാനം പേരും പ്രതികരിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പത്ത് വയസ്സില്‍ താഴെയുള്ള പെണ്‍‌കുട്ടികളാണ് കൂടുതലും പീഡനത്തിനിരയാവാന്‍ സാധ്യതയെന്ന് സര്‍‌വെയില്‍ പങ്കെടുത്ത 60 ശതമാനവും വിശ്വസിക്കുന്നു. ബസ് യാത്രാവേളയിലാണ് അപമാനിക്കപ്പെടാന്‍ സാധ്യത കൂടുതലെന്ന് 88 ശതമാനം വിശ്വസിക്കുന്നു. പൊതുസ്ഥലത്ത് പീഡനമേല്‍ക്കേണ്ടി വരുമ്പോള്‍ കൂടെയുള്ളവരില്‍ നിന്ന് പിന്തുണ ലഭിക്കില്ല എന്ന് 84 ശതമാനം കരുതുന്നു.

പീഡനത്തിന് ഇരയായാല്‍ പൊലീസിനെ സമീപിക്കാമെന്ന് വെറും 19 ശതമാനം മാത്രമേ കരുതുന്നുള്ളൂ. ബാക്കിയുള്ളവര്‍ക്ക് പൊലീസിലും വിശ്വാസം നഷ്ടമായെന്ന് സര്‍‌വേ ഫലം വ്യക്താമാക്കുന്നു.

പ്രശ്നത്തെ നേരിടാനായി റേഡിയോ, ടിവി, എന്നീമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെയും പോസ്റ്ററുകളിലൂടെയും യുവാക്കളുടെയും ആണ്‍‌കുട്ടികളുടെയും മനസ്സില്‍ സ്ത്രീകളെ കുറിച്ച് ബഹുമാനം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സെന്റര്‍ ഫോര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍‌ക്ലൂഷന്‍.