ഹൃദയവും കരളും ഒന്നുചേര്‍ന്ന് ജീവിച്ച ഇരട്ടകളായിരുന്നു ആരാധനയും സ്തുതിയും. ഈ പെണ്‍കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത് രണ്ടാഴ്ച മുമ്പാണ്. എന്നാല്‍ വ്യാഴാഴ്ച രാത്രി 9.20ഓടെ ആരാധന മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മധ്യപ്രദേശ് ബേടുളിലെ പഥാര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ബേടുള്‍ ചുടിയ ഗ്രാമത്തിലെ മായ, ഹരിറാം യാദവ് ദമ്പതികള്‍ക്ക് 2011 ജൂലൈ രണ്ടിനാണ് സയാമീസ് ഇരട്ടകള്‍ പിറന്നത്. കഴിഞ്ഞ ജൂണ്‍ 20-ന്, 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഒരുവയസ്സുകാരായ കുട്ടികളെ വേര്‍പെടുത്തിയത്. ഓസ്ട്രേലിയയില്‍ നിന്നുള്ള 22 ഡോക്ടര്‍മാരും ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം ആരാധനയുടെ രക്തത്തില്‍ അണുബാധ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയില്‍ കുട്ടിക്ക് രണ്ട് തവണ ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.