സെബിയുടെ വാദം കേള്‍ക്കല്‍ മാറ്റി

Webdunia
വെള്ളി, 30 ജനുവരി 2009 (18:36 IST)
സത്യം കുംഭകോണത്തിന്‍റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന മുന്‍‌ചെയര്‍മാന്‍ ബി രാമലിംഗ രാജുവിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോഡ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഫെബ്രുവരി ഒമ്പതിലേയ്ക്ക് മാറ്റി.

രാജുവിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സെബി ഹൈദരാബാദിലെ ആറാം നമ്പര്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഈ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച സെബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

7800 കോടി രൂപയുടെ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ജനുവരി ഒമ്പതിന് രാമലിംഗ രാജുവിനേയും സഹോദരന്‍ രാമരാജുവിനേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഐ‌പി‌സി 120 ബി (ഗൂഢാലോചന), 420 (വഞ്ചന)‌, 409 (വിശ്വാസ വഞ്ചന), 468 (കള്ളപ്രമാണമുണ്ടാക്കല്‍), 471 (വ്യാജ രേഖ ചമയ്ക്കല്‍) എന്നീ വകുപ്പുകളാണ് ഇരുവക്കും‌മേല്‍ ചുമത്തിയിട്ടുള്ളത്.