സെന്‍സസില്‍ ജാതി രേഖപ്പെടുത്താന്‍ ജൈനമതക്കാര്‍

വെള്ളി, 18 ഫെബ്രുവരി 2011 (18:24 IST)
PRO
PRO
സെന്‍സസ്‌ 2011-ന്റെ സുപ്രധാനഭാഗമായ ജനസംഖ്യാ കണക്കെടുപ്പ്‌ ഈ മാസം 9 മുതല്‍ 28വരെ രാജ്യത്തുടനീളം ഒരേസമയം നടക്കുമ്പോള്‍ ജൈനമതത്തില്‍ പെട്ടവര്‍ തങ്ങളുടെ ജാതി സെന്‍സസില്‍ കൃത്യമായി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. സെസന്‍സ് ഫോറത്തിലെ ഏഴാം ചോദ്യത്തിന് ആറ് ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്. ഹിന്ദുക്കള്‍ ഒന്നും മുസ്ലീങ്ങള്‍ രണ്ടും ക്രിസ്ത്യാനികള്‍ മൂന്നും സിഖ് മതക്കാര്‍ നാലും ബുദ്ധമതക്കാര്‍ അഞ്ചും ജൈനന്മാര്‍ ആറുമാണ് ടിക്കുചെയ്യേണ്ടത്.

സെന്‍സസ് ഫോം പൂരിപ്പിച്ചു നല്‍കുമ്പോള്‍ ജൈനമതത്തില്‍ ഉള്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും ഏഴാം ചോദ്യത്തിന് ഉത്തരമായി ആറ്‌ എന്ന് എന്ന് ജാതി രേഖപ്പെടുത്തണമെന്നും ഗോത്രത്തിന്റെ പേര് വേണമെന്നില്ലെന്നും ജൈനമതക്കാരുടെ സംഘടന ഇറക്കിയ മാധ്യമക്കുറിപ്പില്‍ പറഞ്ഞു.

മാതൃഭാഷ രേഖപ്പെടുത്തേണ്ട കള്ളിയില്‍ ജൈന പരമ്പരാഗത ഭാഷകളായ (സംസ്കൃതം/പ്രാകൃത്/അപ്ഭ്രാന്‍ഷ്) മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം രേഖപ്പെടുത്തണമെന്നും പ്രസ്താവനയില്‍ അറിയിച്ചു. പ്രതിനിധി നിധിന്‍ കുമാര്‍ ജൈന്‍ ആണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

രാജ്യത്തെ 640 ജില്ലകളിലായി 7742 പട്ടണങ്ങള്‍, ആറുലക്ഷം ഗ്രാമങ്ങള്‍ എന്നിവയിലെ എല്ലാ പൗരന്‍മാരും 2200 കോടി രൂപ ചെലവിട്ടു നടത്തുന്ന കണക്കെടുപ്പില്‍ ഉള്‍പ്പെടും. ഒരാള്‍ക്ക്‌ 18.33 രൂപ എന്ന നിരക്കിലാണു ചെലവു കണക്കാക്കിയിരിക്കുന്നത്‌. 25 ലക്ഷത്തിലധികം പേരാണു ജനസംഖ്യാ കണക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഇത്രയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കണക്കെടുപ്പ്‌ മറ്റൊരു രാജ്യത്തും ഇതുവരെ നടന്നിട്ടില്ല.

പതിനൊന്ന് മാസം നീളുന്ന സെന്‍സസ്‌ നടപടികളുടെ ഭാഗമായി രൂപീകരിക്കുന്ന എന്‍പിആറില്‍ 15 വയസ്സിന് മീതെ പ്രായമുള്ള എല്ലാവരുടെയും ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തും. ജനങ്ങളുടെ ദേശീയ ജൈവ വിവരശേഖരം സ്ഥാപിക്കുന്നതിന്‌ ഇത്‌ ഉപയോഗപ്പെടുത്തുന്നതോടെ ഒരുവര്‍ഷത്തിനകം ഇത്തരം വിരലടയാള ശേഖരം രൂപീകരിക്കുന്ന ആദ്യ ജനാധിപത്യരാജ്യമായി ഇന്ത്യ മാറും. എന്‍പിആര്‍ തയ്യാറാവുന്നതോടെ യുഐഡി (യുണീക്ക് ഐഡി) അതോറിറ്റിക്ക്‌ ഐഡി കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനായി കൈമാറും.

വെബ്ദുനിയ വായിക്കുക