സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം: അന്വേഷണം വഴിമുട്ടുന്നു?

Webdunia
തിങ്കള്‍, 27 ജനുവരി 2014 (13:29 IST)
PTI
PTI
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് 10 ദിവസം കഴിഞ്ഞിട്ടും യാതൊരു തുമ്പുമുണ്ടാക്കാന്‍ പൊലീസിനായിട്ടില്ല.

കേസ് ആര് അന്വേഷിക്കണം എന്ന കാര്യത്തില്‍ തന്നെ ആശയക്കുഴപ്പം തുടരുകയാണ്. ഡല്‍ഹി പൊലീസിനായിരുന്ന് ആദ്യം അന്വേഷണ ചുമതല. പിന്നീട് ഡല്‍ഹി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറി. പക്ഷേ കഴിഞ്ഞ ദിവസം കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഡല്‍ഹി പൊലീസിനെ തിരികെ എല്‍പ്പിക്കുകയും ചെയ്തു. അന്വേഷണത്തില്‍ തുടര്‍ച്ച ലഭിക്കുന്നതിന് വേണ്ടിയാണ് കേസ് ഡല്‍ഹി പൊലീസിനെ തിരികെ എല്‍പ്പിച്ചതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.

സുനന്ദയുടെ മരണം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ല. സുനന്ദയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിപ്പാടുകള്‍ കൊലപാതക സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. മരുന്നില്‍ നിന്നുള്ള വിഷാംശം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചത് എന്നാണ് രാസപരിശോധനാ ഫലം. ഒരു പക്ഷേ സുനന്ദ മനപൂര്‍വ്വം മരുന്നുകള്‍ കഴിച്ച് ആത്മഹത്യ ചെയ്തതാവാം. അല്ലെങ്കില്‍ മറ്റാരെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിച്ചതാ‍കാം. പക്ഷേ ഈ ദുരൂഹതകള്‍ നീക്കാന്‍ പൊലീസ് ഇതുവരെ ശ്രമം തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

സുനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് തരൂരിന്റെ രാജി അത്യാവശ്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ തരൂര്‍ രാജിവയ്ക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.